പ്രതിഷ്ഠ വാർഷിക മഹോത്സവം; അഞ്ചു ദിവസത്തെ ആഘോഷങ്ങൾക്ക് വേദിയാകുന്നു ശബരിഗിരി ക്ഷേത്രം

by WhatsUp Mumbai

താനെ: ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷിക മഹോത്സവം ഏപ്രിൽ 11 മുതൽ 15 വരെ വിവിധ ആചാരാനുഷ്ഠാനങ്ങളോടെ ഭക്തിപൂർവ്വം നടത്തപ്പെടും. “സ്വാമിയേ ശരണം അയ്യപ്പ” എന്ന ആത്മീയ ഭാവത്തിൽ അരങ്ങേറുന്ന മഹോത്സവം ഭക്തജനങ്ങൾക്ക് സമൃദ്ധമായ ആരാധനാനുഭവമായി മാറും.

മഹോത്സവത്തിന്റെ ആദ്യ ദിനമായ ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ശുദ്ധിക്രിയകൾക്ക് തുടക്കമാകും. ക്ഷേത്രാന്തരീക്ഷത്തെ ആചാരാനുസൃതമായി ശുദ്ധീകരിക്കുന്ന ഈ ചടങ്ങുകളോടെയാണ് ഉത്സവാഘോഷങ്ങൾക്ക് തുടക്കമിടുന്നത്.

രണ്ടാം ദിനമായ ഏപ്രിൽ 12 ഞായറാഴ്ച പുലർച്ചെ 6 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8 മണിക്ക് ഉപദേവതകൾക്കായി ബിംബശുദ്ധി കലശക്രിയകൾ നടക്കും. വൈകിട്ട് 7.30 ന് ഭദ്രകാളി പൂജ നടത്തപ്പെടും.

മൂന്നാം ദിനമായ ഏപ്രിൽ 13 തിങ്കളാഴ്ച പുലർച്ചെ 6 മണിക്ക് ഗണപതി ഹോമം നടക്കും. തുടർന്ന് രാവിലെ 8 മണിക്ക് മൃത്യുഞ്ജയ ഹോമവും വൈകിട്ട് 7.30 ന് ഹനുമാൻ സ്വാമി പൂജയും നടക്കും.

നാലാം ദിനമായ ഏപ്രിൽ 14 ചൊവ്വാഴ്ച പുലർച്ചെ 6 മണിക്ക് ഗണപതി ഹോമം നടത്തപ്പെടും. രാവിലെ 9.30 ന് ഉപദേവതകൾക്കായി കലശം, നാഗകലശ പൂജയും നൂറുംപാലും ചടങ്ങും നടക്കും. വൈകിട്ട് 7.30 ന് അയ്യപ്പസ്വാമിക്കായി വാർഷിക കലശപൂജയും അധിവാസ ഹോമവും നടത്തപ്പെടും.

മഹോത്സവത്തിന്റെ സമാപന ദിനമായ ഏപ്രിൽ 15 ബുധനാഴ്ച വിശു ദിനാഘോഷങ്ങളോടെയാണ് ചടങ്ങുകൾക്ക് സമാപനം കുറിക്കുക. പുലർച്ചെ 5 മണിക്ക് വിഷുക്കണി ദർശനം, തുടർന്ന് 6 മണിക്ക് ഗണപതി ഹോമം, രാവിലെ 9.30 ന് അയ്യപ്പസ്വാമിക്ക് കലശാഭിഷേകം, 10.30 ന് കലഭാഭിഷേകം, തുടർന്ന് ഉച്ചയ്ക്ക് 12.30 ന് വിഷു സദ്യയോടുകൂടിയ മഹാപ്രസാദ വിതരണവും നടക്കും.

ആചാരവും ആത്മീയതയും ഒരുമിക്കുന്ന ഈ മഹോത്സവം താനെയിലെ മലയാളി സമൂഹത്തിന് ഭക്തിനിറഞ്ഞ അനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

ഭക്തജനങ്ങൾക്ക് പൂജാ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9819528487, 9819528489, 9619065690, 9820749950, 9930934040 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

You may also like