മുംബൈ : മോഹിനിയാട്ടത്തിൻ്റെ ക്ളാസ്സിക് പരിചരണത്തിന് മനോധർമ്മത്തിൻ്റെ സൂക്ഷ്മധാരകളാൽ ഇഴ ചേർത്ത ‘നീനാ മോഹന’ത്തിലൂടെ ഡോ. നീനാ പ്രസാദ് നഗരത്തിലെ നൃത്ത സ്നേഹികൾക്ക് ആഹ്ളാദ വിസ്മയമൊരുക്കി.

മാർച്ച് 21 ന് വൈകിട്ട് താനെ ഉപവൻ ആംഫി തിയറ്ററിൽ ധ്വനി സ്പേസ് ഓഫ് ഡാൻസ്, ഇപ്റ്റ കേരള മുംബൈ ചാപ്റ്ററുമായി ചേർന്ന് ഒരുക്കിയ അരങ്ങിൽ ഡോ. നീന പ്രസാദും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം അക്ഷരാർത്ഥത്തിൽ കാഴ്ചക്കാരെ പുളകമണിയിച്ച കലാപ്രകടനമായി.
പരിചിതമായ ദേവയാനി ചരിതത്തിന്, സമത്വത്തിൻ്റെയും സമഭാവനയുടെയും അഭാവത്തിൽ സംഭവിക്കുന്ന കാമമോഹങ്ങൾ അഹംബോധവുമായി ചേരുമ്പോൾ സംഭവിക്കുന്നത് എന്ത് എന്ന അന്വേഷണമാക്കി മാറ്റുകയായിരുന്നു നീനാ പ്രസാദിൻ്റെ ‘ദേവയാനി’ എന്ന പുതിയ സൃഷ്ടി’.
ആത്യന്തികമായ മനുഷ്യാവസ്ഥകളിലൂടെയുള്ള ഒരു യാത്രയുടെ ദുരന്തപൂർണമായ അന്ത്യത്തെ മനോഹരമായി അനുഭവിപ്പിക്കുകയായിരുന്നു ദേവയാനി.
സമ്പൂർണ ദുരന്തത്തിൽ ഒടുങ്ങുന്ന ദേവയാനിയെ അവതരിപ്പിച്ചു കൊണ്ട് തുടങ്ങിയ നൃത്തം, അതിലേക്ക് നയിച്ച കാമമോഹങ്ങളുടെ ഭൂതകാലത്തെ ഭാവപൂർണതയോടെ അരങ്ങിൽ ആടിയപ്പോൾ കാഴ്ചക്കാർ ആ യാത്രയ്ക്കൊപ്പം ഓരോ നിമിഷവും ഒഴുകുന്ന അനുഭവമാണ് ഉണ്ടായത്.
സ്വന്തം കൂട്ടുകാരിയെ വേലക്കാരിയാക്കിയ അഹംബോധത്തിൻ്റെയും ഋണ മൂല്യം മാത്രമുള്ള പൊസ്സസ്സീവ്നെസ്സിൻ്റെയും പാരമ്യം പ്രണയത്തെ ദുരന്തമാക്കി മാറ്റുന്ന ദേവയാനിയുടെ കഥ കാലത്തിന് ചേർന്ന വിധത്തിൽ മോഹിനിയാട്ടത്തിലൂടെ പകർന്നാടുകയായിരുന്നു ഡോ. നീനാ പ്രസാദ്
നൃത്തത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതവും പക്കമേളവും നീനാ മോഹനത്തിൻ്റെ വിജയത്തിന് സവിശേഷമായ പങ്ക് വഹിച്ചു.
മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും അതു സൃഷ്‌ടിക്കുന്ന സങ്കീർണമായ ജീവിത സമസ്യകളും ചേർന്ന പുരാവൃത്തം, ‘ദേവയാനി’ എന്ന ആവിഷ്‌കാരത്തിലൂടെ പ്രമുഖ മോഹിനിയാട്ടം നർത്തകിയും ഗവേഷകയും ഗുരുവുമായ ഡോ നീന പ്രസാദ് മുംബൈയിൽ ഇതാദ്യമായാണ് അവതരിപ്പിച്ചത്.
താനെയിലെ ധ്വനി – സ്പേസ് ഓഫ് ഡാൻസ് സ്കൂൾ, ഇപ്റ്റ കേരള മുംബൈ ഘടകവുമായി കൈ കോർത്ത്
വൈകിട്ട് 6.59 pm ന് താനെയിലെ പ്രകൃതി രമണീയമായ തടാകത്തിനരികെയുള്ള ഉപവൻ ആംഫി തിയേറ്ററിലാണ് ദേവയാനിക്ക് വേദി ഒരുക്കിയത്.
പുരാണങ്ങളിൽ നിന്നുള്ള ദേവയാനിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ നൃത്താവിഷ്‌കാരം ഒരു പെൺകുട്ടിയുടെ വികാരങ്ങളെയും ബാലിശമായ തീരുമാനങ്ങളെയും അതിൻ്റെ അനന്തര ഫലങ്ങളെയും പ്രതിഫലിപ്പിച്ചു.
അതേസമയം, മൃതസഞ്ജീവനി മന്ത്രം പഠിക്കാൻ വന്ന കചനോടു ദേവയാനിക്ക് തോന്നിയ പ്രണയം പിന്നീട് നിരവധി ദുരന്തങ്ങൾക്ക് വഴിതെളിക്കുന്നതിലേക്ക് കഥ വികസിക്കുന്നു.

ഇതിലൂടെ ഇന്നത്തെ സമൂഹത്തിൽ പ്രണയത്തിൽ പെട്ട് ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ പക്വതയില്ലാതെ എടുക്കുന്ന കൗമാരക്കാരുടെ മനോഭാവവും അതിന്റെ പ്രതിഫലനങ്ങളും കൂടി അവതരിപ്പിക്കുക വഴി വർത്തമാന പരിസരത്തേക്കുള്ള ദർപ്പണം കൂടിയായി ഈ നൃത്തശില്പത്തെ നീന പ്രസാദ് മാറ്റിത്തീർത്തു.
പ്രണയത്തിന് കലുഷിതമായ ചോരയുടേയും ആസിഡിൻ്റേയും മുറിപ്പാടുകളുള്ള ഈ കാലത്ത് നീന പ്രസാദ് ദേവയാനിയെ അവതരിപ്പിച്ചപ്പോൾ മുംബൈ അത് ഹൃദയം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു.
താനെയിൽ “ദേവയാനി”യെ കൂടാതെ നീനാ പ്രസാദ് മോഹിനിയാട്ടത്തിലെ മറ്റവതരണങ്ങളും അരങ്ങേറ്റി.
വര്‍ഷങ്ങളായി ഇന്ത്യക്കകത്തും പുറത്തും ആയിരക്കണക്കിന് വേദികളില്‍ നൃത്തം ചെയ്യുന്ന മോഹിനിയാട്ടം നര്‍ത്തകിയാണ് നീന പ്രസാദ്. നൃത്തത്തെ ഉപാസിക്കുന്ന ഒരു കലാകാരി എന്നതിന് ഉപരിയായി അവർ കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടത്തിന് പുതിയ പരിപ്രേക്ഷ്യങ്ങൾ നൽകി വരുന്നു.
വിശ്രുത കർണ്ണാട്ടിക് സംഗീതജ്ഞൻ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരിയുടെ ശ്രുതി മധുരമായ ആലാപനം ദേവയാനിയുടെ അവസ്ഥാന്തരങ്ങളെ പ്രേക്ഷകരുടെ ഹൃദയത്തിലെത്തിക്കുവാൻ സഹായകമാക്കി.
രമേഷ് ബാബു മൃദംഗത്തിലും വയലിനിൽ വിജു എസ് ആനന്ദും ഇടക്കയിൽ
കലാമണ്ഡലം അരുൺ ദാസും ചൊല്ലുകളാൽ അശ്വതി കൃഷ്ണ “നീനാ മോഹന”മെന്ന നൃത്തസന്ധ്യക്ക് മിഴിവ് പകർന്നു.
സ്മിത അനീഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നീന പ്രസാദിൻ്റെ പ്രിയ ശിഷ്യ ഡിംപിൾ ഗിരീഷ് നന്ദി പറഞ്ഞു.
സാമൂഹിക പ്രവർത്തകനായ ലയൺ കുമാരൻ നായർ, ശ്രീ നാരായണ മന്ദിര സമിതി ഭാരവാഹികളായ എം എ ദാമോദരൻ, മോഹൻദാസ്, ഗിരീഷ് ഗോപാലൻ, കഥകളി കലാകാരി താര വർമ്മ, ഇപ്റ്റയുടെ പ്രവർത്തകരായ വി സുബ്രഹ്മണ്യൻ, ഷോളി സതികുമാർ, ജി വിശ്വനാഥൻ, രേണു മണിലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇപ്റ്റ കേരള മുംബൈ ഘടകം പ്രവർത്തകർ നൃത്തസന്ധ്യയ്ക്ക് നേതൃത്വം നൽകി.
ഫോട്ടോസ് : സലീഷ്