മുംബൈ: കുർളയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചതിനെത്തുടർന്ന് ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ ബന്ധുക്കളുടെ ക്രൂരമായ ആക്രമണം. സംഘർഷത്തിൽ രണ്ട് ഡോക്ടർമാർക്ക് പരിക്കേറ്റു. ആശുപത്രിയിലെ ഉപകരണങ്ങളും ഫർണിച്ചറുകളും തകർത്ത അക്രമിസംഘം മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു.
ചികിത്സയിലായിരുന്ന രോഗി മരണപ്പെട്ടതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. ചികിത്സയിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച ബന്ധുക്കളും ഒപ്പമുണ്ടായിരുന്നവരും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ആശുപത്രി ജീവനക്കാർക്കും മർദ്ദനമേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടർമാർ രംഗത്തെത്തി. തങ്ങളുടെ ജീവന് സുരക്ഷയില്ലെന്നും അക്രമികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
