നവി മുംബൈ: കോപർഖൈർനെ ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘ദി ആർട്ട് ഓഫ് ആക്ടിംഗ്’ ആക്ടിംഗ് വർക്ക്‌ഷോപ്പിന്റെ ഏഴാമത് എഡിഷൻ നവി മുംബൈയിൽ സംഘടിപ്പിക്കുന്നു.
മെയ് 21, 22, 23 തീയതികളിലാണ് മൂന്ന് ദിവസങ്ങളിലായി പരിപാടി നടക്കുക.
സിനിമയും ടെലിവിഷനും ഉൾപ്പെടെയുള്ള അഭിനയരംഗത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പുതുമുഖങ്ങളെ ലക്ഷ്യമിട്ട് പ്രായോഗിക പരിശീലനമാണ് വർക്ക്‌ഷോപ്പിൽ നൽകുന്നത്. ക്യാമറ മുന്നിലെ പ്രകടനപരിചയം ഉൾപ്പെടെ അഭിനയത്തിന്റെ വിവിധ ഘടകങ്ങളിൽ ആഴത്തിലുള്ള പരിശീലനം ലഭ്യമാക്കുന്നതാണ് പരിപാടിയുടെ പ്രത്യേകത.
ഈ പരിശീലന ശിബിരത്തിൽ പ്രമുഖരും പരിചയസമ്പന്നരുമായ വ്യക്തികൾ പരിശീലകരായി പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ നടൻ രഞ്ജി പണിക്കർ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ അഭിനേതാവും പരിശീലകനുമായ ശ്രീജിത്ത് രവി, എഴുത്തുകാരനും സംവിധായകനുമായ സന്തോഷ് ഇടുക്കി, നടനും പ്രൊഡക്ഷൻ കണ്ട്രോളറുമായ നന്ദു പൊതുവാൾ, പ്രൊഡക്ഷൻ കണ്ട്രോളറായ സേതു അടൂർ എന്നിവർ പരിശീലനം നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 9207361833, +91 9526096949.