നവി മുംബൈയിൽ വനിതാ പ്രതിഭകളുടെ മഹാസംഗമം; ‘ക്രീയേറ്റീവ് വിമെൻ’ ദേശീയ സമ്മേളനം മെയ് 9 മുതൽ

by WhatsUp Mumbai

നവി മുംബൈ: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ഒരുമിപ്പിക്കുന്ന ദേശീയ സംഘടനയായ ‘ക്രീയേറ്റീവ് വിമെൻസി’ന്റെ ആറാം ദേശീയ സമ്മേളനം മെയ് 9, 10 തീയതികളിൽ നവി മുംബൈയിലെ എൻബിസിസി കോപ്പർഘർണേ ഹാളിൽ നടക്കും. സാഹിത്യ-സാംസ്‌കാരിക പരിപാടികളോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ബാബാ അറ്റോമിക് റിസർച്ച് സെന്ററിലെ സീനിയർ പ്രൊഫസർ ഡോ. സപ്രാ മുഖ്യാതിഥിയായി പങ്കെടുക്കും. കവയിത്രിയും എഴുത്തുകാരിയുമായ ഡോ. ജയ ആനന്ദും ലോക കേരളസഭാംഗവും മുംബൈ പൊതുവേദിയുടെ സജീവ പ്രവർത്തകയുമായ പ്രിയ വർഗീസും വിശിഷ്ടാതിഥികളായെത്തും.

രജിസ്റ്റർഡ് ദേശീയ വനിതാ സംഘടനയായ  ക്രീയേറ്റീവ് വിമെന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രീത പി. കണ്ണൂർ, സലില ദിനുകുമാർ (ഗോവ), രമ്യ വിനോദ് (ചെന്നൈ) എന്നിവരാണ്.

സമ്മേളനത്തിന്റെ ഭാഗമായി മെയ് 9 ന് കവിയരങ്ങും കഥയരങ്ങും നടക്കും. മെയ് 10ന് കലാപരിപാടികൾക്കും പുസ്തക പ്രകാശനത്തിനും വേദിയൊരുങ്ങും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരികൾ, എഴുത്തുകാരികൾ, ഗായികമാർ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയരായ വനിതകൾ സമ്മേളനത്തിൽ പങ്കെടുക്കും.

മുംബൈയിൽ നിന്നുള്ള ജ്യോതി നമ്പ്യാർ, മായാദത്ത്, തുളസിമണിയർ രേഖ, ജയശ്രീ രാജേഷ്, അമ്പിളി, ശ്രീലേഖ, രജനി മേനോൻ, ഡോ. ഹൃദ്യ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് മുംബൈ എക്സിക്യൂട്ടീവ് അംഗം കൃഷ്ണേന്ദു അറിയിച്ചു.

You may also like