മുംബ്ര വെടിവെപ്പ് കേസ്: പ്രതി ജയൻ ശിവാനന്ദൻ നായർ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

by WhatsUp Mumbai

മുംബൈ: മുംബ്രയിൽ ഇന്നലെ ഉണ്ടായ വെടിവെപ്പ് കേസിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ ജയൻ ശിവാനന്ദൻ നായരെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. താനെ ജൂനിയർ കോടതിയിൽ ഇന്ന് ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ ഏൽപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ഏകദേശം 11.30ഓടെ മുംബ്ര ബൈപാസ് റോഡിനോട് ചേർന്ന കൈലാസ് നഗർ പ്രദേശത്താണ് സംഭവം അരങ്ങേറിയത്. കൊല്ലം സ്വദേശിയായ 51-കാരനായ ജയൻ ശിവാനന്ദൻ നായരാണ് കേസിലെ പ്രതി.

വെടിയേറ്റത് അക്ബർ അബ്ദുൽ ഷെയ്ഖ് (29), അബ്ദുൽ ഹസൻ ഷെയ്ഖ് (45), സമീർ അഹമ്മദ് ഷെയ്ഖ് (32) എന്നിവർക്കാണ്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയ്ക്കിടെ അക്ബർ അബ്ദുൽ ഷെയ്ഖ് മരണത്തിന് കീഴടങ്ങി. മറ്റ് രണ്ടുപേരും ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നും ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ്.

അതേസമയം, പ്രതിയായ ശിവാനന്ദൻ നായർക്ക് പ്രാദേശിക മലയാളി സമൂഹവുമായി അടുത്ത ബന്ധമില്ലെന്ന വിവരമാണ് ലഭിക്കുന്നത്. ബാല്യകാലത്ത് മാതാപിതാക്കളോടൊപ്പം കൊൽക്കത്തയിൽ കഴിഞ്ഞ ഇയാൾ പിന്നീട് മുംബൈയിലേക്ക് കുടിയേറിയതായും അന്വേഷണത്തിൽ വ്യക്തമാകുന്നു. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പൊലീസ് അന്വേഷണം തുടരുന്നു.

You may also like