കാന്തിവലിയിൽ മുംബൈയിലെ ഏറ്റവും വലിയ റെയിൽവേ ടെർമിനൽ; റെയിൽവേ – പ്രതിരോധ മന്ത്രാലയ തർക്കത്തിൽ പദ്ധതി അനിശ്ചിതത്വത്തിൽ

by WhatsUp Mumbai

മുംബൈ: മുംബൈയിലെ ഏറ്റവും വലിയ ദീർഘദൂര റെയിൽവേ ടെർമിനസ് കാന്തിവലിയിൽ നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ മെഗാ പദ്ധതി ഭൂമി തർക്കത്തിൽ കുടുങ്ങി പ്രതിസന്ധിയിൽ. കാന്തിവലി, മലാഡ് സ്റ്റേഷനുകൾക്കിടയിലുള്ള 65 ഏക്കർ പ്രതിരോധ വകുപ്പിന്റെ ഭൂമി വിട്ടുകിട്ടുന്നതിനെച്ചൊല്ലി റെയിൽവേയും പ്രതിരോധ മന്ത്രാലയവും (Ministry of Defence) തമ്മിലുള്ള തർക്കമാണ് വില്ലനായിരിക്കുന്നത്.

ഛത്രപതി ശിവജി മഹാരാജ് ടെർമിനസിന് (CSMT) തുല്യമായി, ഒരേസമയം 50 ജോടി ട്രെയിനുകൾ വരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വൻകിട ടെർമിനലിനാണ് വെസ്റ്റേൺ റെയിൽവേ ഇവിടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി 9 പ്ലാറ്റ്‌ഫോമുകളും അത്യാധുനിക യാർഡും ഉൾപ്പെടുന്നതാണ് പദ്ധതി. വെസ്റ്റേൺ മുംബൈ മേഖലയിലെ യാത്രക്കാർക്ക് മുംബൈ സെൻട്രലോ ബാന്ദ്രയോ വരെ പോകാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇത് സഹായിക്കുമായിരുന്നു.

എന്നാൽ, ഭാവി പദ്ധതികൾ ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രാലയം ഭൂമി വിട്ടുനൽകാൻ വിസമ്മതിക്കുകയാണ്. മുംബൈയിലെ ട്രെയിൻ കൈകാര്യം ചെയ്യൽ ശേഷി 50 ശതമാനം വർദ്ധിപ്പിക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ നിർദ്ദേശം നൽകിയിരുന്നു. നിർമ്മാണത്തിലുള്ള ജോഗേശ്വരി ടെർമിനസിന് പരിമിതമായ ശേഷി മാത്രമുള്ളതിനാൽ, മുംബൈയിലെ റെയിൽവേ തിരക്ക് കുറയ്ക്കാൻ കാന്തിവലി പദ്ധതി അനിവാര്യമാണെങ്കിലും പ്രതിരോധ വകുപ്പുമായുള്ള തർക്കം പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുന്നു.

You may also like