മുംബൈ: നഗരത്തെ മുക്കുന്ന കനത്ത വെള്ളക്കെട്ടുകൾക്ക് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനെ (ബിഎംസി) മാത്രം കുറ്റം പറയുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. നഗരത്തിലെ അനധികൃത കയ്യേറ്റങ്ങളും ഡ്രെയിനേജുകളിലെ തടസ്സങ്ങളും പൊതുസംവിധാനങ്ങളുടെ ദുരുപയോഗവുമാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്നും, ഈ ദുരവസ്ഥ നമ്മൾ തന്നെ വലിപിച്ചുവെച്ചതാണെന്നും കോടതി നിരീക്ഷിച്ചു.
ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഘൂഗെ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ബിഎംസിയുടെ ഇടക്കാല ഹർജി പരിഗണിക്കവെ ഈ നിർണായക നിരീക്ഷണം നടത്തിയത്. സയൺ-ട്രോംബെ പാതയിലുള്ള മണ്ഡാലയിൽ റോഡ് വീതികൂട്ടുന്നതിനായി ആണവോർജ്ജ വകുപ്പിന്റെ (ഡിഎഇ) കൈവശമുള്ള ഭൂമി വിട്ടുനൽകാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിഎംസിയുടെ ഹർജി. ഹർജിയിൽ കോടതി ഡിഎഇക്ക് നോട്ടീസ് അയച്ചു.
നിലവിലുള്ള 30 അടി വീതിയുള്ള റോഡിന്റെ തങ്ങളുടെ ഭാഗത്തെ കയ്യേറ്റങ്ങൾ ബിഎംസി ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ടെന്നും പദ്ധതിക്കായി 192 മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ടെന്നും ബിഎംസിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിലിന്ദ് സാഥെ കോടതിയെ അറിയിച്ചു. റോഡ് 50 അടിയായി വീതികൂട്ടാൻ ബാക്കി ആവശ്യമായ ഭൂമി ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ (ബാർക്) മേൽനോട്ടമുള്ള ഡിഎഇയുടെ കൈവശമാണെന്നും, കയ്യേറ്റമില്ലാത്ത ഈ ഭൂമി കൈമാറിയാൽ റോഡ് വികസിപ്പിക്കാൻ കോർപ്പറേഷൻ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ നിസ്സംഗതയെയും നിയമലംഘനങ്ങളെയും കോടതി രൂക്ഷമായി വിമർശിച്ചു. കോർപ്പറേഷൻ നമുക്ക് ഡ്രെയിനേജ് സംവിധാനം നൽകിയപ്പോൾ നമ്മളത് മാലിന്യങ്ങൾ കൊണ്ട് നിറച്ചുവെന്ന് ജസ്റ്റിസ് ഘൂഗെ പറഞ്ഞു. അവർ പേവ്‌മെന്റ് ബ്ലോക്കുകൾ സ്ഥാപിച്ചപ്പോൾ നമ്മൾ അവിടെ കാറുകൾ പാർക്ക് ചെയ്യാൻ തുടങ്ങി. ഭൂമി കയ്യേറാൻ നമുക്കൊരു പ്രത്യേക വൈഭവമുണ്ട്. കാനകൾ നമ്മൾ തന്നെ അടയ്ക്കുന്നു. അതുകൊണ്ടാണ് ചെറിയൊരു മഴ പെയ്താൽ പോലും മുംബൈയിലെ റോഡുകൾ തടസ്സപ്പെടുന്നത്.
ഹൈക്കോടതിക്ക് പുറത്തെ കയ്യേറ്റങ്ങൾ ചൂണ്ടിക്കാണിച്ച കോടതി, കാൽനടപ്പാതകൾ ഫോട്ടോസ്റ്റാറ്റ് കടകളും ചായക്കടകളും ജ്യൂസ് സ്റ്റാളുകളും കൈയടക്കിയിരിക്കുകയാണെന്നും ജനങ്ങൾക്ക് നടക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയിൽ കോർപ്പറേഷൻ എന്തുചെയ്യുമെന്നും ചോദിച്ചു. സ്വന്തം മാതൃഭൂമിയെ കൊള്ളയടിക്കുന്ന ശീലമാണ് നമുക്കുള്ളത്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കോർപ്പറേഷൻ എത്തുമ്പോൾ മാത്രമാണ് ജനങ്ങൾ നിയമപുസ്തകം തുറക്കുന്നതെന്നും 7 ദിവസത്തെ നോട്ടീസ് വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി പരിഹസിച്ചു. കേസ് ഈ മാസം അവസാനം വീണ്ടും പരിഗണിക്കും.