മുംബൈയിൽ ഓട്ടോമാറ്റിക് വാതിലുകളുള്ള നോൺ-എസി ലോക്കൽ; വെന്റിലേഷൻ ആശങ്ക ശക്തം

by WhatsUp Mumbai

മുംബൈ: നഗരത്തിൽ ആദ്യമായി ഓട്ടോമാറ്റിക് വാതിലുകളുള്ള നോൺ-എസി ലോക്കൽ ട്രെയിൻ പരീക്ഷണത്തിലേക്ക് കടന്നതോടെ സുരക്ഷയ്ക്കൊപ്പം വെന്റിലേഷൻ വിഷയവും ചർച്ചയാകുന്നു. അടഞ്ഞ വാതിലുകൾക്കിടയിലും വായുസഞ്ചാരം ഉറപ്പാക്കാൻ റൂഫ് ബ്ലോവറുകളും എയർ ഇൻടേക്ക് സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ വ്യക്തമാക്കുന്നു.

എന്നാൽ തിരക്കേറിയ സമയങ്ങളിൽ സ്വാഭാവിക വായുസഞ്ചാരമില്ലാത്തത് യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന ആശങ്ക ഉയരുന്നു. സുരക്ഷ വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിലും, ‘ശ്വാസ സൗകര്യം’ ഉറപ്പാക്കിയാൽ മാത്രമേ ഈ പുതിയ സംവിധാനം യാത്രക്കാരുടെ അംഗീകാരം നേടുകയുള്ളൂ.

പുതിയ ട്രെയിനിൽ സീറ്റുകളുടെ എണ്ണം ചെറിയ തോതിൽ കുറച്ചിട്ടുണ്ടെങ്കിലും നിൽക്കാനുള്ള സ്ഥലം ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണ്. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ഇത് സഹായിക്കുമെങ്കിലും അടഞ്ഞ കോച്ചുകളിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്നതാണ് മറ്റൊരു വെല്ലുവിളി.

അതേസമയം കുർള കാർഷെഡിൽ എത്തിയ 12 കോച്ച് ട്രെയിനിൽ, വായു പ്രവാഹ ശേഷി ഏകദേശം 65 ശതമാനം വർധിപ്പിച്ചെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. റൂഫ്-മൗണ്ടഡ് ബ്ലോവറുകൾ, ഡ്യൂവൽ എയർ ഇൻടേക്ക് സംവിധാനങ്ങൾ, കൂടുതൽ വീതിയുള്ള സ്ലൈഡിംഗ് വിൻഡോകൾ, ലൂവർഡ് ഡോറുകൾ എന്നിവയിലൂടെ വാതിലുകൾ അടഞ്ഞിരിക്കുമ്പോഴും വായുസഞ്ചാരം ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

You may also like