മുംബൈ: ബോളിവുഡ് താരം സോനാക്ഷി സിൻഹയുടെ മുംബൈയിലെ ആഡംബര അപ്പാർട്ട്മെന്റ് ഇനി കുവൈറ്റ് കോൺസുലേറ്റിന് സ്വന്തം. പ്രതിവർഷം 1.92 കോടി രൂപയെന്ന വൻ തുകയ്ക്കാണ് മുംബൈ ബാന്ദ്ര വെസ്റ്റിലുള്ള ഫ്ലാറ്റ് താരം ലീസ് വ്യവസ്ഥയിൽ നൽകിയിരിക്കുന്നത്. പ്രമുഖ റിയൽ എസ്റ്റേറ്റ് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ സിആർഇ മാട്രിക്സ് പുറത്തുവിട്ട പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകളിലാണ് ഈ വിവരം വ്യക്തമാക്കുന്നത്.
കുവൈറ്റ് കോൺസുൽ ജനറൽ ഇമാദ് അബ്ദുൾ അസീസ് അൽ-ഖറാസിനും കുടുംബത്തിനും അദ്ദേഹത്തിന്റെ ജീവനക്കാർക്കും താമസിക്കുന്നതിനാണ് ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ബാന്ദ്ര വെസ്റ്റിലെ പ്രീമിയം റെസിഡൻഷ്യൽ ടവറായ ’81 ഓറിയറ്റിൽ’ സ്ഥിതി ചെയ്യുന്ന ഈ അപ്പാർട്ട്മെന്റിന് പ്രതിമാസം 16 ലക്ഷം രൂപയാണ് വാടകയിനത്തിൽ താരം ഈടാക്കുന്നത്. 4,350 ചതുരശ്ര അടി കാർപെറ്റ് ഏരിയയുള്ള ഈ ഫ്ലാറ്റിനൊപ്പം 27 ചതുരശ്ര അടിയുള്ള സർവന്റ്സ് ടോയ്ലറ്റ് ഏരിയയുമുണ്ട്.
2026 മെയ് 25-നാണ് ഈ റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ വാടക കരാർ രജിസ്റ്റർ ചെയ്തത്. ഇതിനായി 96,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 1,000 രൂപ രജിസ്ട്രേഷൻ ഫീസും താരം അടച്ചിട്ടുണ്ട്. 2026 ജൂൺ 7 മുതൽ ആരംഭിക്കുന്ന കരാറിന്റെ കാലാവധി 2027 ജൂൺ 6 വരെയാണ്.
മൂന്ന് പാർക്കിംഗ് സ്പേസുകൾക്ക് പുറമെ അത്യാധുനിക രീതിയിലുള്ള ജിംനേഷ്യം, ക്ലബ്ബ് ഹൗസ്, വലിയ ലൈബ്രറി, ബാങ്ക്വറ്റ് ഹാൾ, യോഗ സ്റ്റുഡിയോ, ജോഗിങ് ട്രാക്ക്, ഓപ്പൺ സ്കൈ ഫിറ്റ്നസ് സെന്റർ എന്നിവയും ഈ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ട്. കൂടാതെ മനോഹരമായ ലാൻഡ്സ്കേപ്പ് ഗാർഡൻ, കുട്ടികളുടെ പ്ലേ ഏരിയ, കോൺഫറൻസ് റൂം, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായി ഒരുക്കിയിരിക്കുന്ന നീന്തൽക്കുളങ്ങൾ എന്നിവയും യാതൊരുവിധ അധിക നിരക്കുകളും നൽകാതെ തന്നെ വാടകക്കാർക്ക് പൂർണ്ണമായും ഉപയോഗിക്കാവുന്നതാണ്.