മൺസൂൺ അവസാന ഘട്ടത്തിലേക്ക്: നഗരത്തെ കാത്ത് വായുമലിനീകരണ ഭീഷണി; ജാഗ്രതയിൽ മുംബൈ

by WhatsUp Mumbai

മുംബൈയിൽ കാലവർഷം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പുതിയൊരു വെല്ലുവിളിയെ നേരിടാൻ ഒരുങ്ങുകയാണ് ബൃഹൻമുംബൈ കോർപ്പറേഷൻ (ബിഎംസി). മൺസൂൺ പിൻവാങ്ങുന്നതോടെ നഗരത്തിൽ വായു മലിനീകരണം രൂക്ഷമാകാനുള്ള സാധ്യത മുന്നിൽ കണ്ട് മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിലേക്ക് ബിഎംസി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മഴ കുറയുന്നതോടെ അന്തരീക്ഷത്തിൽ പൊടിപടലങ്ങളും മലിനീകരണവും ഉയരുന്നത് സാധാരണയാണ്. നഗരത്തിലെ വായുനിലവാരം മോശമാകാതിരിക്കാൻ നിർമ്മാണ മേഖലകളിൽ കർശന നിയന്ത്രണ ഏർപ്പെടുത്താനും പൊടിപടലങ്ങൾ തടയാൻ റോഡുകളിൽ വെള്ളം തളിക്കുന്നത് അടക്കമുള്ള നടപടികൾ ഊർജ്ജിതമാക്കാനും ബിഎംസി പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ തണുപ്പുകാലത്ത് നഗരത്തിലുണ്ടായ കനത്ത വായു മലിനീകരണം കണക്കിലെടുത്താണ് ഇത്തവണ നേരത്തെ തന്നെ അധികൃതർ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ നഗരത്തിലെ വായുനിലവാരം നിരന്തരം നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് ബിഎംസിയുടെ തീരുമാനം.

You may also like