മുംബൈ: ദാദറിലെ ശിവാജി പാർക്കിന് സമീപം വിദ്യാർത്ഥി പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോയ പൊലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞുനിർത്തി വാർത്തകളിൽ ഇടംനേടിയ 27 കാരിയായ മോഡലും നടിയുമായ റിയ യാദവ് (റിയ അഹിർ) സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി അതിരൂക്ഷമായ സൈബർ ബുള്ളിയിംഗും വ്യാജ പ്രചാരണങ്ങളും സ്ത്രീവിരുദ്ധ അധിക്ഷേപങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിയ മഹാരാഷ്ട്ര പൊലീസ് സൈബർ സെല്ലിന് പരാതി നൽകിയത്.
ദാദറിൽ നടന്ന സംഭവത്തിനു പിന്നാലെ തനിക്കെതിരെ അപകീർത്തികരമായ പ്രചാരണങ്ങൾ ആരംഭിച്ചതായും അപകീർത്തികരമായ സന്ദേശങ്ങളും അശ്ലീല കമന്റുകളും നിരന്തരം ലഭിക്കുന്നുണ്ടെന്നും റിയ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ താൻ അഡൽറ്റ് കണ്ടന്റ് ക്രിയേറ്ററാണെന്ന തരത്തിലും, പണം ഈടാക്കി അശ്ലീല ചിത്രങ്ങൾ വിൽക്കുന്നുവെന്ന തരത്തിലും ചില കണ്ടന്റ് ക്രിയേറ്റർമാർ വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്ന് റിയ ആരോപിക്കുന്നു. തന്റെ അക്കൗണ്ട് ഇത്തരത്തിലുള്ള പ്രൊഫൈലുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഇത്തരത്തിൽ ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നും റിയ വ്യക്തമാക്കി.
പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾക്കായി താൻ ശബ്ദമുയർത്തിയതുപോലെ, സ്വന്തം അധിക്ഷേപങ്ങൾക്കെതിരെയും മുന്നോട്ടുവരേണ്ടത് കടമയാണെന്ന് റിയ പറഞ്ഞു. തുടർച്ചയായ അതിക്രമങ്ങൾ ചെയ്യുന്നവർക്കെതിരെ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് റിയ ആവശ്യപ്പെട്ടു. അതേസമയം, റിയ നൽകിയ പരാതി വിശദമായി പരിശോധിച്ചു വരികയാണെന്നും ഇതുവരെ കേസെടുത്തിട്ടില്ലെന്നും സോൺ 10 ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ദത്താ നലവാഡെ അറിയിച്ചു.
മകൾ എടുത്ത നിലപാടിൽ പ്രതികാര നടപടിയുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും, സൈബർ ആക്രമണങ്ങൾ അതിരുവിടുകയാണെന്ന് റിയയുടെ പിതാവ് രാജ്കുമാർ യാദവ് പ്രതികരിച്ചു. നീറ്റ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്ത/ഡൽഹി കേന്ദ്രീകരിച്ച് നടന്ന സി.ജെ.പി (Cockroach Janta Party) പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന സമരത്തിനിടെയാണ്, കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ മോചിപ്പിക്കാൻ റിയ പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.