മറാഠി ബോർഡില്ലെങ്കിൽ കട പൂട്ടിക്കും; ‘ശിവസേന ശൈലിയിൽ’ നേരിടുമെന്ന് ഡെപ്യൂട്ടി മേയറുടെ മുന്നറിയിപ്പ്

by WhatsUp Mumbai

മുംബൈ: മുംബൈയിലെ കടകളിൽ മറാഠി ഭാഷയിലുള്ള നാമഫലകങ്ങൾ നിർബന്ധമാക്കണമെന്ന ആവശ്യവുമായി ശിവസേന വീണ്ടും രംഗത്ത്. നഗരത്തിലെ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മറാഠി ബോർഡുകൾ ഇല്ലെങ്കിൽ ‘ശിവസേന ശൈലിയിലുള്ള’ നടപടി നേരിടേണ്ടി വരുമെന്ന് മുൻ ഡെപ്യൂട്ടി മേയർ സഞ്ജയ് ഘാഡി മുന്നറിയിപ്പ് നൽകി. മറാഠി ഭാഷയോടുള്ള അവഗണന ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാപരമായ നിർദ്ദേശങ്ങൾ നിലവിലുണ്ടായിട്ടും പല വ്യാപാര സ്ഥാപനങ്ങളും മറാഠി നാമഫലകങ്ങൾ സ്ഥാപിക്കാൻ തയ്യാറാകാത്തതാണ് സേനയെ ചൊടിപ്പിച്ചത്. നിയമം നടപ്പിലാക്കാൻ അധികൃതർ വൈകുകയാണെങ്കിൽ പാർട്ടി നേരിട്ട് രംഗത്തിറങ്ങുമെന്നാണ് ഘാഡിയുടെ നിലപാട്. മുംബൈയുടെ മണ്ണിൽ മറാഠി ഭാഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നേരത്തെ, സുപ്രീം കോടതിയും നഗരത്തിലെ കടകളിൽ മറാഠി ബോർഡുകൾ സ്ഥാപിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിൽ വീഴ്ച വരുത്തുന്ന കടയുടമകൾക്കെതിരെ കർശന നടപടി വേണമെന്നാണ് പ്രാദേശിക ഭരണകൂടത്തോട് ശിവസേന ആവശ്യപ്പെടുന്നത്. വരും ദിവസങ്ങളിൽ നഗരത്തിലുടനീളം പരിശോധന ശക്തമാക്കാനും ബോർഡുകൾ മാറ്റാത്തവർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് പാർട്ടിയുടെ തീരുമാനം.

You may also like