താനെ: 2016-ൽ രജിസ്റ്റർ ചെയ്ത പോക്സോ (POCSO) കേസിൽ പ്രതിയായ 27-കാരനെ താനെ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. ലൈംഗിക അതിക്രമ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് പോക്സോ കേസിൽ നിന്ന് യുവാവിനെ ഒഴുവാക്കിയത്. എന്നാൽ, പെൺകുട്ടിയെ ശാരീരികമായി കൈയേറ്റം ചെയ്തതിന് ഐപിസി സെക്ഷൻ 352 പ്രകാരം പ്രത്യേക ജഡ്ജി ജി.ടി. പവാർ (G.T. Pawar) പ്രതിയായ സ്വപ്നിൽ ദിലീപ് ധോത്രെയ്ക്ക് (Swapnil Dilip Dhotre) 500 രൂപ പിഴ ശിക്ഷ വിധിച്ചു.
2016 മേയ് 16-നായിരുന്നു കേസിനാസ്പദമായ സംഭവം. കമ്പ്യൂട്ടർ ക്ലാസിലേക്ക് പോവുകയായിരുന്ന 17 വയസ്സുകാരിയുടെ കൈയിൽ പിടിച്ച് സ്വപ്നിൽ പ്രണയാഭ്യർത്ഥന നടത്തി. പെൺകുട്ടി വിസമ്മതിച്ചതോടെ മുഖത്തടിക്കുകയും പിന്നീട് വീണ്ടുമെത്തി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. വഴിപോക്കൻ ഇടപെട്ടാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് അന്നുതന്നെ പോലീസിൽ പരാതി നൽകി.
ഇരുവരും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളായിരുന്നുവെന്നും പ്രണയത്തിലായിരുന്നുവെന്നും, ജാതി വ്യത്യാസം കാരണം വീട്ടുകാരുടെ സമ്മർദ്ദത്താലാണ് പരാതി നൽകിയതെന്നും പ്രതിഭാഗം വാദിച്ചു. ലൈംഗിക അതിക്രമം നടന്നതായി തെളിയിക്കാൻ പെൺകുട്ടിക്കോ സാക്ഷികൾക്കോ കഴിഞ്ഞിട്ടില്ലെന്നും പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുള്ള മർദ്ദനമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.
പെൺകുട്ടിക്ക് നിയമപരമായ അർത്ഥത്തിൽ പരിക്കുകൾ (hurt) സംഭവിച്ചതായി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലാത്തതിനാൽ പരിക്കേൽപ്പിച്ചതിനുള്ള വകുപ്പുകൾ ഒഴിവാക്കി. എന്നാൽ കൈയേറ്റം (assault) തെളിഞ്ഞതിനാലാണ് കോടതി 500 രൂപ പിഴ ചുമത്തിയത്.