മുംബൈ : മഹാരാഷ്ട്രയിൽ ഒഴിവാകുന്ന ഏഴ് രാജ്യസഭ സീറ്റുകളിൽ മാർച്ച് 16ന് തെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന നിയമസഭാംഗങ്ങളാണ് രാജ്യസഭ അംഗങ്ങളെ തിരഞ്ഞെടുക്കുക.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 5 ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മഹാവികാസ് അഘാഡി (എംവിഎ) സഖ്യം ഏകോപിത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസ്, എൻസിപി (ശറദ് പവാർ വിഭാഗം), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എന്നീ പാർട്ടികൾ ചേർന്നുള്ള എംവിഎ സഖ്യം, ശറദ് പവാറിനെ ഏകകണ്ഠ സ്ഥാനാർഥിയായി മുന്നോട്ടുവയ്ക്കാൻ ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്.
സംസ്ഥാന നിയമസഭയിലെ അംഗബലം പരിഗണിക്കുമ്പോൾ എംവിഎയ്ക്ക് കുറഞ്ഞത് ഒരു സ്ഥാനമെങ്കിലും ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ. അതിനാൽ സഖ്യം ഒരു സ്ഥാനാർഥിയെ മാത്രം മത്സരിപ്പിക്കാനാണ് നീക്കം.
മാർച്ച് 16ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നിലവിൽ രാജ്യസഭാംഗങ്ങളായ ഡോ. ഭഗവത് കരാട്, ധൈര്യശീൽ പാട്ടിൽ, പ്രിയങ്ക ചതുര്‍വേദി, രജനി പാട്ടിൽ, ഫൗസിയ ഖാൻ ഉൾപ്പെടെയുള്ളവരുടെ കാലാവധി അവസാനിക്കുകയാണ്. അതിനാലാണ് ഈ ഏഴ് സീറ്റുകളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ശറദ് പവാർ മത്സരരംഗത്ത് എത്തുന്നതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.