മുംബൈ: മലയാളികളുടെ സാംസ്കാരിക ഐക്യവും സമത്വബോധവും ശക്തിപ്പെടുത്തുന്ന വേദിയായി മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം മാറി. ചെമ്പൂരിലെ ആദർശ വിദ്യാലയത്തിൽ നടന്ന യോഗം പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

“മലയാളികളുടെ ഹൃദയത്തിൽ ആഴ്ന്നു കിടക്കുന്ന തുല്യതക്കും സമത്വഭാവനക്കും ഏറ്റവും വലിയ ഉദാഹരണമാണ് ഓണം. മതത്തിന്റെയോ ജന്മസ്ഥാനത്തിന്റെയോ പേരിലല്ല, നമ്മുടെ സാംസ്കാരിക മൂല്യങ്ങളുടെയും അമ്മഭാഷയുടെയും പേരിലാണ് നാം ഒന്നിക്കുന്നത്,” എന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു. വയനാടിനായി മലയാളം മിഷൻ ആഹ്വാനം ചെയ്ത ‘ഒരു ഡോളർ’ കാരുണ്യ പ്രവർത്തനത്തിൽ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ 25 ദിവസത്തിനിടെ 53.5 ലക്ഷം രൂപ സമാഹരിച്ചതിൽ മുംബൈ ചാപ്റ്റർ മുൻപന്തിയിൽ നിന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ബന്ധിപ്പിക്കുന്ന ശക്തമായ ഭാഷാപ്രവർത്തന ശൃംഖലയിലെ പ്രധാന കണ്ണികളാണ് മുംബൈയിലെ പ്രവർത്തകരെന്നും, ചാപ്റ്റർ നടപ്പാക്കുന്ന ഗൃഹസന്ദർശന പരിപാടി മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവർത്തകരുടെയും അധ്യാപകരുടെയും സമർപ്പിത പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 10ന് ആരംഭിച്ച യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകർ ആലപിച്ച മലയാണ്മഗീതത്തോടെ തുടക്കമിട്ട ചടങ്ങിൽ കൺവീനർ ജീവരാജൻ സ്വാഗതം ആശംസിച്ചു. ചെയർമാൻ ഡോ. വേണുഗോപാലൻ, ഉപദേശക സമിതി ചെയർമാൻ രുഗ്മിണി സാഗർ എന്നിവർ ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ നിന്നുള്ള അധ്യാപകരും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

ഉദ്ഘാടനത്തിന് ശേഷം സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിനെ തുടർന്ന് വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. എ.പി. ജയരാമൻ ചെയർമാനായും ആർ.ഡി. ഹരികുമാർ പ്രസിഡന്റായും കെ.കെ. പ്രദീപ് കുമാർ, ജയ കുറുപ്പ് എന്നിവർ വൈസ് പ്രസിഡന്റുമാരായും റീന സന്തോഷ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മോഹൻകുമാർ കെ.എസ്., നിഷ പ്രകാശ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി. ജീവരാജൻ കൺവീനറായും രാമചന്ദ്രൻ മഞ്ചറമ്പത്ത് ഉപദേശക സമിതി ചെയർമാനായും എൻ. ഹരി വിദഗ്ധ സമിതി കൺവീനറായും നന്ദകുമാർ ടി., വിജയമ്മ സാങ്കേതിക സമിതി കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു.
മേഖല കോ-ഓർഡിനേറ്റർമാരായി ബാബു ജോൺ (നാസിക്), സജിനി സുരേന്ദ്രൻ (കൊങ്കൺ), സിന്ധു വിജയൻ നായർ (കല്യാൺ-ബദലാപ്പൂർ), കെ. രാഘവൻ (മുംബ്ര-കല്യാൺ), വിനോദ് കുമാർ (മഹാഡ്-കാമോഠെ), മിനി അനിൽ (ഖാർഘർ-ഐരോളി), മോഹൻ കുമാർ (നല്ലസൊപ്പാര-ബോയ്സർ), ഷൈനി ജയൻ (മീര-വസായ്), ആശ മേനോൻ (ബാന്ദ്ര-ദഹിസർ), ലതിക ബാലകൃഷ്ണൻ (കൊളാബ-മാൻഖുർദ്), കണ്ണൻ തങ്കപ്പൻ (പവായ്-സാക്കിനാക്ക), പ്രകാശൻ നായർ (താനെ) എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തിൽ മലയാളം മിഷൻ ഡയറക്ടർ അധ്യാപകർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. 2025ലെ പഠനോത്സവ സർട്ടിഫിക്കറ്റുകൾ മേഖല ഭാരവാഹികൾക്ക് കൈമാറി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി റീന സന്തോഷ് നന്ദി രേഖപ്പെടുത്തി.