ഖസാക്കിന്റെ ഇതിഹാസം മനുഷ്യനെക്കുറിച്ചുള്ള മഹാദർശനം’: 15-ാം മലയാളോത്സവത്തിൽ പി. സുരേന്ദ്രൻ

by WhatsUp Mumbai

മലയാളത്തിൽ ഏറ്റവും അസാധാരണമായ സമസ്ത പദങ്ങൾ പ്രയോഗിച്ച എഴുത്തുകാരനാണ് ഒ.വി. വിജയനെന്നും സൂഫി ദർശനങ്ങളും മനുഷ്യനെക്കുറിച്ചുള്ള മഹാദർശനങ്ങളും മനോഹരമായി അവതരിപ്പിച്ച കൃതിയാണ് ‘ഖസാക്കിന്റെ ഇതിഹാസം’ എന്നും പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. ദേശാടന പക്ഷികൾ ഓരോ രാജ്യത്തെത്തുമ്പോഴും കുറച്ചു തൂവലുകൾ കൊഴിച്ചിടും. എഴുത്തുകാരന്റെ ഓരോ വാക്കും ഓരോ രചനയും തൂവലുകൾ കൊഴിച്ചിടലാണെന്നും, ഉള്ളിലെ വെറുപ്പും അസഹിഷ്ണുതയും എടുത്തു മാറ്റുമ്പോൾ താനേ ഉള്ളിൽ നിന്ന് സൗന്ദര്യം പുറത്തേക്കൊഴുകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ 15-ാം മലയാളോത്സവം ചെമ്പൂർ ആദർശ വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനഞ്ചാം മലയാളോത്സവത്തോടനുബന്ധിച്ച് ആഗസ്റ്റ് 15, 16 തീയതികളിൽ സാംസ്കാരികോത്സവവും കൈരളി ബുക്സ് ഒരുക്കിയ പുസ്തകമേളയും സംഘടിപ്പിച്ചു. ആഗസ്റ്റ് 15-ന് ഉച്ചയ്ക്ക് 3-ന് നോവലിസ്റ്റ് ബാലകൃഷ്ണൻ പുസ്തകമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്ദീപ് വർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി റീന സന്തോഷ് സ്വാഗതം ആശംസിച്ചു. ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാർ, കെ. പവിത്രൻ, പി. സുരേന്ദ്രൻ, ഒ. അശോക് കുമാർ (കൈരളി ബുക്സ്) എന്നിവർ ആശംസകൾ നേർന്നു. 115 കൃതികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ലീലാ സർക്കാറിനെയും സാഹിത്യസപര്യയിൽ അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ട നഗരത്തിലെ എഴുത്തുകാരായ ബാലകൃഷ്ണൻ, ഉണ്ണി വാരിയത്ത്, ഗിരിജാവല്ലഭൻ, മേഘനാദൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

​ജി. വിശ്വനാഥൻ മോഡറേറ്ററായ കവിയരങ്ങിൽ സി.പി. കൃഷ്ണകുമാർ, മുരളീധരൻ ടി.കെ, സന്തോഷ് പല്ലശന, പി.കെ. മുരളീകൃഷ്ണൻ, തുളസി മണിയാർ, സുമേഷ് പി.എസ്, ജ്യോതിലക്ഷ്മി നമ്പ്യാർ, മോഹനൻ കെ.വി, ബാബു പി.ഡി, സുരേഷ് നായർ, കെ.വി.എസ്. നെല്ലുവായ്, ലിനോദ് വർഗ്ഗീസ്, ഹരീന്ദ്രനാഥ്, അമ്പിളി കൃഷ്ണകുമാർ, രാജേന്ദ്രൻ കുറ്റൂർ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

ആഗസ്റ്റ് 16-ന് രാവിലെ ഗിരിജാവല്ലഭൻ മോഡറേറ്ററായ കഥയരങ്ങിൽ പി. വിശ്വനാഥൻ, ലീന നായർ, ജീബ ശ്രീജിത്ത്, ജോയ് ഗുരുവായൂർ, തുളസി മണിയാർ, സുരേഷ് നായർ, ജ്യോതിലക്ഷ്മി നമ്പ്യാർ, ലിനോദ് വർഗ്ഗീസ്, മനോജ് മുണ്ടയാട്ട്, സുരേഷ്കുമാർ കൊട്ടാരക്കര, മുരളി വട്ടേനാട്ട്, സജിനി സുരേന്ദ്രൻ, ശില്പ എസ് എന്നിവർ കഥകൾ അവതരിപ്പിച്ചു.

ഉച്ചയ്ക്കുശേഷം കണക്കൂർ ആർ. സുരേഷ് കുമാർ മോഡറേറ്ററായ വായനാനുഭവം സെഷനിൽ അഭിഷേക് എസ്, സുമേഷ് പി.എസ്, ലിനോദ് വർഗ്ഗീസ്, സുരേഷ് നായർ, അജിത്ത് ശങ്കരൻ, സജിനി സുരേന്ദ്രൻ, ലീന നായർ, സജി തോമസ്, രാമകൃഷ്ണൻ പാലക്കാട്, സന്ധ്യ പലേരി എന്നിവർ വ്യത്യസ്ത കൃതികളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു.

“ജോലിക്കുവേണ്ടി മാത്രം ഭാഷ പഠിക്കുമ്പോൾ നാം നമ്മളെ തന്നെ ഒരു യന്ത്രമാക്കി ചുരുക്കിക്കളയുന്നു”

മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് വിശിഷ്ടാതിഥിയായ പ്രശസ്ത നിരൂപകൻ സജി അബ്രഹാം വ്യക്തമാക്കിയതാണീ വിഷയം. ജോലിക്കുവേണ്ടി മാത്രം ഭാഷ പഠിക്കുമ്പോൾ യന്ത്രമായി ചുരുങ്ങുമെന്നും, ഒരു മനുഷ്യനായി തീരാൻ ഏറ്റവും അനിവാര്യമായത് ഭാഷയാണെന്നും ഭാഷ അനുഭവങ്ങളുടെ വലിയൊരു പുഴയാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.

പ്രസിഡന്റ് സന്ദീപ് വർമ്മയുടെ അധ്യക്ഷതയിലും സെക്രട്ടറി റീന സന്തോഷിന്റെ സ്വാഗതത്തിലും നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.പി.ഇ.എസ് സെക്രട്ടറി കെ. പവിത്രൻ ആശംസകൾ നേർന്നു. മുൻ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ വെള്ളോടി ബാലചന്ദ്രനെയും, 2024, 2025 വർഷങ്ങളിലെ മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷ വിജയികളെയും, എസ്.എസ്.സിയിൽ മലയാളം വിഷയം എടുത്ത് വിജയിച്ച വിദ്യാർത്ഥികളെയും (കെ.പി.ഇ.എസിന്റെ സഹകരണത്തോടെ) ആദരിച്ചു. സംഘം അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

“ഭാഷ നശിക്കുമ്പോൾ ഒരു സംസ്കാരം തന്നെയാണ് ഇല്ലാതാവുന്നത്”

​”പുസ്തക പ്രസിദ്ധീകരണം – എപ്പോൾ? എങ്ങനെ?” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അധ്യക്ഷപ്രസംഗം നടത്തവെ കെ. രാജൻ ചൂണ്ടിക്കാണിച്ചതാണീ കാര്യം. ഭാഷയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കർത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക് കുമാർ വിഷയാവതരണവും മാർഗ്ഗനിർദ്ദേശങ്ങളും നൽകി.

ട്രഷറർ രാജൻ നായർ നന്ദി രേഖപ്പെടുത്തിയതോടെ രണ്ടു ദിവസം നീണ്ട പരിപാടികൾക്ക് തിരശ്ശീല വീണു. മുംബൈയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം നടന്ന ഈ പുസ്തക പ്രദർശനത്തിന് മികച്ച ജനപങ്കാളിത്തം ലഭിച്ചു. അനിൽ പ്രകാശ്, പ്രദീപ് കുമാർ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

You may also like