“റെയിൽവേയ്ക്ക് തിരിച്ചടി: വാതിലിനരികിൽ നിന്ന യാത്രക്കാരന് നീതി,നഷ്ടപരിഹാരം അനുവദിച്ച് ബോംബെ ഹൈകോടതി

by WhatsUp Mumbai

മുംബൈ: ബോംബെ ഹൈക്കോടതി ട്രെയിനുകളിൽ യാത്രയ്ക്കിടെ കോച്ചിന്റെ വാതിലിനരികിൽ നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നത് “സ്വയം വരുത്തിയ പരിക്ക്” (self-inflicted injury) ആയി കണക്കാക്കാനാവില്ലെന്ന് നിർണായക വിധി പ്രസ്താവിച്ചു. ഇത്തരം സാഹചര്യങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ റെയിൽവേ നിയമപ്രകാരം “അപൂർവ സംഭവം” (untoward incident) ആയി പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.

നാഷിക് സ്വദേശിയായ രോഹിദാസ് കുമാവത്ത് ഗുവാഹത്തി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ തിരക്കിനിടെ വാതിലിനരികിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിലാണ് കോടതി ഇടപെട്ടത്. ഈ പരിക്ക് സ്വയം വരുത്തിയതാണെന്നു ചൂണ്ടിക്കാട്ടി റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ നഷ്ടപരിഹാരം നിഷേധിച്ച ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

ട്രെയിനിൽ വാതിലിനരികിൽ നിൽക്കുന്നത് മാത്രം അശ്രദ്ധയോ ഉദ്ദേശപൂർവമായ പ്രവൃത്തിയോ ആയി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. തിരക്കേറിയ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും ഒഴിവാക്കാനാകാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ട്രെയിൻ നിർത്താത്ത സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിച്ചതാകാമെന്ന ട്രൈബ്യൂണലിന്റെ നിഗമനവും കോടതി തള്ളി. വ്യക്തമായ തെളിവുകളില്ലാതെ യാത്രക്കാരനെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അപകടം ആത്മഹത്യയോ കുറ്റകൃത്യമോ പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ പെടുന്നില്ലെങ്കിൽ, യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. ഇതനുസരിച്ച് 80,000 രൂപ നഷ്ടപരിഹാരവും അനുബന്ധ പലിശയും അനുവദിച്ചു.

You may also like