മഹാരാഷ്ട്രയെ നടുക്കി ഖരത് കേസ്:നൂറുകണക്കിന് വീഡിയോകൾ, വനിതാ കമ്മീഷൻ അധ്യക്ഷയുടെ രാജി

by WhatsUp Mumbai

മുംബൈ: അശോക് ഖരത് എന്ന സ്വയം പ്രഖ്യാപിത താന്ത്രികനെ ചുറ്റിപ്പറ്റിയ ലൈംഗിക ചൂഷണ-വീഡിയോ വിവാദം മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ-സാമൂഹിക പ്രകമ്പനം സൃഷ്ടിക്കുന്നു. നിരവധി സ്ത്രീകളെ വഞ്ചിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാഷിക്കിൽ പ്രവർത്തിച്ചിരുന്ന ഖരത്, വിവാഹം, സന്താനലാഭം തുടങ്ങിയ വ്യക്തിഗത പ്രശ്നങ്ങൾക്ക് പരിഹാരം വാഗ്ദാനം ചെയ്ത് സ്ത്രീകളെ വിശ്വാസത്തിലാക്കി ചൂഷണം നടത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. രഹസ്യ ക്യാമറകളിൽ പകർത്തിയതായി പറയുന്ന 100-ത്തിലധികം വീഡിയോ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയതോടെ കേസിന്റെ വ്യാപ്തി വർധിച്ചു. 

മുൻ ജീവനക്കാരൻ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനാണ് കേസിൽ നിർണായകമായത്. ഇയാൾ രഹസ്യമായി ക്യാമറ സ്ഥാപിച്ച് ശേഖരിച്ച ദൃശ്യങ്ങളാണ് പൊലീസിന് കൈമാറിയത്. ചില സ്ത്രീകളെ ഭീഷണിപ്പെടുത്തിയും ചൂഷണം നടത്തിയെന്ന ഗുരുതര ആരോപണങ്ങളും പുറത്തുവന്നു. 

സംഭവം രാഷ്ട്രീയ വിവാദമായതോടെ രൂപാലി ചാക്കങ്കർ മഹാരാഷ്ട്ര വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു. ഖരത്തുമായി ബന്ധപ്പെട്ട പഴയ വീഡിയോ പുറത്ത് വന്നതിനെ തുടർന്നാണ് നടപടി. എന്നാൽ കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. 

കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ സ്ത്രീകൾ മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്നും, സംഭവത്തിൽ ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്മെയിൽ, പണം തട്ടിപ്പ് തുടങ്ങിയ കോണുകളും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 

മഹാരാഷ്ട്രയെ ഞെട്ടിച്ച ഈ സംഭവം മതവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.

You may also like