കൊച്ചി: ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ അന്തരിച്ച ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാൻ മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ബാബു ജനാർദ്ദനൻ ഒരുക്കുന്ന ‘ഗാന്ധി ബസാർ സൺഡേ മാർക്കറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ബാബിൽ ഖാന്റെ മലയാള അരങ്ങേറ്റം. ചിത്രത്തിന്റെ ചിത്രീകരണം പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ ആരംഭിച്ചു.
തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ആവേശകരവും വൈകാരികവുമായ നിമിഷമാണിതെന്ന് ബാബിൽ ഖാൻ വ്യക്തമാക്കി. കഥ പറയുന്നതിലെ സത്യസന്ധതയും വൈകാരികമായ ആഴവുമാണ് മലയാള സിനിമയോട് തനിക്ക് എപ്പോഴും പ്രത്യേക ഇഷ്ടം തോന്നാൻ കാരണമെന്ന് താരം പറഞ്ഞു. ഒരു നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും തന്നെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന കഥകളുടെ ഭാഗമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, ബാബു ജനാർദ്ദനനൊപ്പം പ്രവർത്തിക്കാനും ഒപ്പം മികച്ച സഹതാരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിടാനും കഴിയുന്നത് വലിയൊരു അനുഭവമായിരിക്കുമെന്നും ബാബിൽ കൂട്ടിച്ചേർത്തു.
ദേശീയ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളി, ദീപക് പറമ്പോൽ, നിഖിൽ നായർ, ജോണി ആന്റണി, ജഗദീഷ്, സുധീർ കരമന, ആത്മീയ, ഉണ്ണി രാജ, ജയശങ്കർ തുടങ്ങിയ മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ശക്തമായ ഒരു കഥയാണ് ചിത്രത്തിന്റേതെന്നാണ് സൂചന.
2022-ൽ നെറ്റ്ഫ്ലിക്സിന്റെ ‘ഖലാ’ (Qala) എന്ന സൈക്കോളജിക്കൽ ഡ്രാമയിലൂടെയാണ് ബാബിൽ ഖാൻ അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് ‘ദി റെയിൽവേ മെൻ’ എന്ന വെബ് സീരീസിലെയും, സൈബർ ത്രില്ലറായ ‘ലോഗൗട്ട്’ എന്ന ചിത്രത്തിലെയും വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘വാസ്തവം’, ‘ബോംബെ മാർച്ച് 12’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ജനാർദ്ദനന്റെ പുതിയ ചിത്രം ബാബിലിന്റെ കരിയറിലെ തന്നെ പ്രധാന വഴിത്തിരിവാകുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. ഗുരുകൃപ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസിൽ നാസറും എഡിറ്റിംഗ് സൂരജ് ഇ.എസുമാണ് നിർവ്വഹിക്കുന്നത്. നന്ദഗോപൻ വി.യുടേതാണ് സംഗീതം.