മുംബൈ–പുണെ എക്സ്പ്രസ് വേയിൽ വാഹനാപകടം ; മൂന്ന് ഭാരവാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞു, മൂന്ന് മരണം, രണ്ടുപേർക്ക് ഗുരുതരം!

by admin

മുംബൈ: മുംബൈ–പുണെ എക്സ്പ്രസ് വേയിൽ അതിഭീകരമായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദരുണാന്ത്യം. ബോർഘട്ടിന് സമീപം മൂന്ന് ഭാരവാഹനങ്ങൾ (ലോറികൾ) തമ്മിൽ കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തകർന്നടിഞ്ഞ വാഹനങ്ങളിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട ഒരു ലോറി മറ്റ് രണ്ട് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിച്ചതിനെ തുടർന്ന് മൂന്ന് വലിയ വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞു. വാഹനങ്ങളുടെ കാബിനുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് പുലർച്ചെ എക്സ്പ്രസ് വേയിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടന്നവരെ ഏറെ പ്രയത്നിച്ചാണ് പുറത്തെടുത്തത്.

​ഹൈവേ പോലീസും പ്രാദേശിക രക്ഷാപ്രവർത്തകരും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ക്രെയിനുകൾ ഉപയോഗിച്ചാണ് മറിഞ്ഞുകിടന്ന വലിയ വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

എക്സ്പ്രസ് വേയിലെ അമിതവേഗതയും പുലർച്ചെയുണ്ടായ അശ്രദ്ധയുമാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഖോപോളി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടുക്കുന്ന ഈ അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

You may also like