വെഹ്ലോളിയിൽ സമഗ്ര ഗ്രാമീണ സ്കൂൾ വികസന പദ്ധതി; 354 വിദ്യാർത്ഥികളുടെ പുരോഗതിക്കായി നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ

by WhatsUp Mumbai

മുംബൈ: ഗ്രാമീണ വിദ്യാഭ്യാസ മേഖലയിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കാൻ നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ‘ഹോളിസ്റ്റിക് റൂറൽ സ്കൂൾ ഡെവലപ്‌മെന്റ് പ്രോജക്റ്റ്’ എന്ന സമഗ്ര പദ്ധതിയുമായി രംഗത്ത്. മഹാരാഷ്ട്രയിലെ വെഹ്ലോളി ഗ്രാമത്തെ കേന്ദ്രമായി ആരംഭിക്കുന്ന പദ്ധതിയിലൂടെ എട്ട് ജില്ലാപഞ്ചായത്ത് സ്കൂളുകളിലായി പഠിക്കുന്ന 354 വിദ്യാർത്ഥികൾക്ക് നേരിട്ട് പിന്തുണ നൽകുകയാണ് ലക്ഷ്യം.

എല്ലാ കുട്ടികൾക്കും ആരോഗ്യകരവും സൃഷ്ടിപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കണമെന്ന വിശ്വാസത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തതെന്ന് സംഘാടകർ വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ഘട്ടങ്ങളിലായി സമഗ്ര വികസനമാണ് പദ്ധതിയുടെ പ്രധാന ദിശ.

ആറ് ഘട്ടങ്ങളായി ക്രമീകരിച്ചിരിക്കുന്ന പദ്ധതിയിൽ ആദ്യഘട്ടമായി ഡിജിറ്റൽ-അക്കാദമിക് ശക്തീകരണത്തിന് പ്രാധാന്യം നൽകും. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും കമ്പ്യൂട്ടർ സൗകര്യങ്ങളും ലഭ്യമാക്കി അടിസ്ഥാന ഡിജിറ്റൽ അറിവ് ഉറപ്പാക്കും. രണ്ടാമത്തെ ഘട്ടത്തിൽ മഴവെള്ള ശേഖരണ സംവിധാനങ്ങളും വൃക്ഷത്തൈ നട്ട് പരിപാലന പരിപാടികളും നടപ്പാക്കി പരിസ്ഥിതി സംരക്ഷണ ബോധം വളർത്തും.

മൂന്നാം ഘട്ടത്തിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ച് പെയിന്റിംഗ് ഉൾപ്പെടെയുള്ള സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടപ്പാക്കും. നാലാം ഘട്ടമായി ഭക്ഷണപരിപാടികൾ മെച്ചപ്പെടുത്തുന്നതിനായി ഗുണമേൻമയുള്ള അടുക്കള ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കും.

അഞ്ചാം ഘട്ടത്തിൽ ആരോഗ്യ സംരക്ഷണത്തിന് മുൻതൂക്കം നൽകും. പോഷകാഹാരക്കുറവ് നേരിടുന്നതിനായി ഡിവോർമിംഗ് ചികിത്സയും പ്രോട്ടീൻ, കാല്ഷ്യം സപ്ലിമെന്റുകളും വിതരണം ചെയ്യും. അവസാന ഘട്ടത്തിൽ ശുദ്ധമായ കുടിവെള്ളത്തിനായി വാട്ടർ ഫിൽട്രേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുകയും ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മിഠായി വിതരണം നടത്തുകയും ചെയ്യും.

പദ്ധതി വിജയകരമാക്കാൻ വ്യക്തികളും കോർപ്പറേറ്റ് സ്ഥാപനങ്ങളും സഹൃദയരുമായ എല്ലാ വിഭാഗങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഫൗണ്ടേഷൻ അറിയിച്ചു. സാമ്പത്തിക പിന്തുണ, വിഭവങ്ങൾ, പ്രചരണം എന്നിവ വഴി പങ്കാളികളാകാൻ താൽപര്യമുള്ളവരെ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

പദ്ധതി വിജയകരമാക്കാൻ വ്യക്തികളും സ്ഥാപനങ്ങളും കൈകോർക്കണമെന്ന് നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ അഭ്യർത്ഥിച്ചു. സാമ്പത്തിക സഹായം, സാമഗ്രികൾ, പ്രചരണം എന്നിവ വഴി ഏവർക്കും പങ്കാളികളാകാമെന്നും അധികൃതർ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

(സുനിൽരാജ് )
Ph : +91 97692 32244

You may also like