മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയിലും പ്രളയത്തിലും പെട്ട് 10 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നായി 389 കുടുംബങ്ങളിലെ 1,261 പേരെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പാൽഘറിൽ ശരാശരി 203 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ ഇന്ദു റാണി ജാഖർ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി വിരാറിൽ എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു. മതിൽ ഇടിഞ്ഞുവീണും വെള്ളപ്പൊക്കത്തിൽ പെട്ടുമാണ് മരണങ്ങൾ സംഭവിച്ചത്. ദഹാനുവിൽ ഒരാളെ കാണാതായിട്ടുണ്ട്. സൂര്യ നദിയിൽ വീണ് കാണാതായ പിന്റുഭാവു വർത്ത എന്നയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
നിലവിൽ പിഞ്ചാൽ, വൈതരണ നദികളിലെ ജലനിരപ്പ് അപകടപരിധിക്ക് തൊട്ടടുത്താണ്. മഹിം-കെൽവ ഡാം 100 ശതമാനവും നിറഞ്ഞുകവിഞ്ഞു. മഴക്കെടുതിയിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും എണ്ണായിരത്തിലധികം വളർത്തുമൃഗങ്ങൾ ചാവുകയും ചെയ്തു. വെസ്റ്റേൺ റെയിൽവേ സർവീസുകളും മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ ഗതാഗതവും പുനഃസ്ഥാപിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും ജലാശയങ്ങൾക്ക് സമീപത്തേക്ക് പോകരുതെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.