മുംബൈ–താനെ മേഖലയിൽ കടുത്ത ചൂട്; താപനില 41° വരെ ഉയരും

by admin

മുംബൈ: മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവങ്ങളായി കടുത്ത ചൂട് അനുഭവപ്പെടുന്നത് തുടരുകയാണ്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുപ്രകാരം, പ്രദേശത്ത് ചൂട് ഉഷ്ണ തരംഗ സദൃശ സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ ആഴ്ച മുഴുവൻ താപനില ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത.

താനെ ജില്ലയിൽ പരമാവധി താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണു പ്രവചനം. അതേസമയം മുംബൈയിൽ 36 ഡിഗ്രിയോളം താപനില രേഖപ്പെടും. തീരദേശ സ്വഭാവം മൂലം മുംബൈയിൽ ചൂട് കുറച്ചുകൂടി നിയന്ത്രിതമായിരിക്കുമ്പോൾ ഉൾനാടൻ പ്രദേശമായ താനെയിൽ ചൂട് ശക്തമായി അനുഭവപ്പെടുന്നതാണ് ഈ വ്യത്യാസത്തിന് കാരണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

ചൂട് ശക്തമാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. ഉച്ച സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുകയും മതിയായ വെള്ളം കുടിക്കുകയും വേണം. പ്രത്യേകിച്ച് കുട്ടികളും വയോധികരും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

വേനൽക്കാലത്തിന്റെ കടുത്ത ചൂട് അടുത്ത ദിവസങ്ങളിലും തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അതിനാൽ ആരോഗ്യസംരക്ഷണവും ചൂട് പ്രതിരോധ നടപടികളും കർശനമായി പാലിക്കേണ്ടത് അനിവാര്യമാണെന്ന് ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു.

You may also like