മുംബൈ: റൺവീർ സിംഗ് നായകനായ ബോളിവുഡ് ചിത്രം ‘ധുരന്ധർ 2’ ഒടിടിയിൽ റിലീസ് ചെയ്യുന്നത് തടയണമെന്ന ഹർജി മുംബൈ സിവിൽ കോടതി തള്ളി. തന്റെ ‘ഡി സാഹിബ്’ എന്ന കഥ മോഷ്ടിച്ചാണ് സംവിധായകൻ ആദിത്യ ധർ ചിത്രം ഒരുക്കിയതെന്ന് ആരോപിച്ച് ബംഗളൂരു സ്വദേശിയായ തിരക്കഥാകൃത്ത് സന്തോഷ് കുമാർ സമർപ്പിച്ച ഹർജിയാണ് ജഡ്ജി യൂനുസ് ഖരാദി തള്ളിയത്. ഇതോടെ ചിത്രത്തിന്റെ ഒടിടി റിലീസിന് മുന്നിലുണ്ടായിരുന്ന നിയമതടസ്സങ്ങൾ നീങ്ങി.
രണ്ടു കഥകളും തമ്മിൽ സാമ്യമുണ്ടെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. സമാനമായ ആവശ്യവുമായി മുൻപ് കർണാടക ഹൈക്കോടതിയെ സമീപിച്ച വിവരവും അത് തള്ളിയ കാര്യവും ഹർജിക്കാരൻ മുംബൈ കോടതിയിൽ നിന്ന് മറച്ചുവെച്ചു. കോടതിയെ സമീപിച്ചത് സുതാര്യമായ ഉദ്ദേശത്തോടെയല്ലെന്ന് വ്യക്തമാക്കിയ ജഡ്ജി, ചിത്രം റിലീസ് ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമിനെ (JioHotstar) കേസിൽ കക്ഷിയാക്കാതിരുന്ന നിയമപരമായ വീഴ്ചയും ചൂണ്ടിക്കാട്ടി.
ഈ ഘട്ടത്തിൽ റിലീസ് തടയുന്നത് നിർമ്മാതാക്കൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. പകർപ്പവകാശ ലംഘനം ഉണ്ടെങ്കിൽ ഹർജിക്കാരന് പിന്നീട് നഷ്ടപരിഹാരം തേടാമെന്നും എന്നാൽ ഇപ്പോൾ റിലീസ് തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ചിത്രത്തിന്റെ ഡിജിറ്റൽ റിലീസിന് ഇതോടെ വഴിതുറന്നു.