മുംബൈ : സിനിമയുടെ മാന്ത്രികതയും സേവനത്തിൻ്റെ മാതൃകയും ഒത്തുചേരുന്ന ഒരു അസാധാരണ താരസായാഹ്നത്തിന് മുബൈ വേദിയാകുന്നു. സന്നദ്ധ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ മുബൈ ഒരുക്കുന്ന താര വിരുന്ന്, മാർച്ച് 22 ഞായറാഴ്ച, ഷൺമുഖാനന്ദ ഹാളിൽ വച്ച് വൈകുന്നേരം ആണ് അരങ്ങേറുന്നത്.
മുന്നൂറിലധികം കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ നടത്തിയും, 700 ലധികം കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകിയും, അനേകം ആളുകൾക്ക് വൈദ്യ സഹായം എത്തിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ WMC മുബൈ, അർഹരായവർക്ക് ഒരു ലൈഫ് ലൈൻ ഒരുക്കുന്നതിനായി നടത്തുന്ന ചാരിറ്റി ഷോയാണിത്. ഈ പരിപാടിയിൽ നിന്നുള്ള വരുമാനം, ജീവൻ രക്ഷിക്കുന്ന മെഡിക്കൽ നടപടിക്രമങ്ങൾക്ക് നേരിട്ട് ധനസഹായം നൽകുവാനും, പിന്നാക്കം നിൽക്കുന്നവർക്ക് നിർണായക പിന്തുണ നൽകുവാനും, അർഹരായ കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകുവാനും ഉപയോഗിക്കന്നതാണ്.
ഈ താരസന്ധ്യയിലും അവാർസ് ദാനത്തിലും, ബേസിൽ ജോസഫ്, ജോജു ജോർജ്. സംഗീത് പ്രതാപ്, പ്രകാശ് വർമ്മ, ആൻ്റണി പെരുമ്പാവൂർ , ഗോകുലം ഗോപാലൻ, ഗുഡ് നൈറ്റ് മോഹൻ തരുൺ മൂർത്തി, ദർശന രാജേന്ദ്രൻ, മാളവിക മോഹനൻ എന്നിവർ അണി നിരക്കും. AMMA യുടെ ആദ്യ വനിതാ പ്രസിഡൻ്റായ ശ്വേത മേനോനെ ചടങ്ങിൽ വച്ച് ആദരിക്കും. നാദിർഷയും സംഘവും അവതരിപ്പിക്കുന്ന മനോഹരമായ സംഗീത പരിപാടിയാണ് പ്രത്യേക ആകർഷണം. പ്രവേശനം പാസ്സുകൾ മൂലം മാത്രം. ടിക്കറ്റുകൾ ബുക്ക് മെ ഷോയിൽ ലഭ്യമാണ്.