വനിതാ ദിനത്തിൽ ഖാർഘർ സമാജത്തിന്റെ വ്യത്യസ്ത ആഘോഷം; സംരംഭക വനിതകൾക്ക് ആദരം

by admin

നവി മുംബൈ: ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി. ലോക മാതൃഭാഷാ ദിനവും വനിതാ ദിനവും ഒരുമിച്ച് ആഘോഷിച്ച വേദിയിലായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്.

പരിപാടികളുടെ തുടക്കത്തിൽ സമാജം വൈസ് പ്രസിഡന്റ് ജയദീഷ് വി മാതൃഭാഷാ പ്രഭാഷണം നടത്തി. തുടർന്ന് ശ്രീലത വാര്യർ വനിതാ ദിന സന്ദേശം അവതരിപ്പിച്ചു.

റിയ ദിനേശ്, സ്വപ്ന രമേശ്, ലീന പിള്ള, ആതിര സുമിത്ത്, സീതാ ലക്ഷ്മി മേനോൻ എന്നീ വനിതാ സംരംഭകരാണ് ഇത്തവണത്തെ വനിതാ ദിനാഘോഷത്തിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തത്. ഇവരുടെ വിജയഗാഥ മറ്റു വനിതകൾക്കും പ്രചോദനവും മാർഗദർശനവുമായി മാറട്ടെയെന്ന ലക്ഷ്യത്തോടെയാണ് വനിതാ വിഭാഗം ഈ പരിപാടി സംഘടിപ്പിച്ചതെന്ന് വനിതാ വിഭാഗം കൺവീനർ സുമ സുനിൽ അറിയിച്ചു.

പരിപാടികളുടെ ഭാഗമായി ശോഭാ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഖാർഘറിലെ വനിതാ സംരംഭകരുമായി സംവാദവും സംഘടിപ്പിച്ചു. തുടർന്ന് പെൺകുട്ടികളുടെയും വനിതകളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

മാർച്ച് 8 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഖാർഘർ ശില്പ് ചൗക്കിനടുത്തുള്ള പസഫിക് ബാങ്ക്വിറ്റ് ഹാളിൽ ലോക മാതൃഭാഷാ ദിന–വനിതാ ദിനാഘോഷങ്ങൾ നടന്നു.

സമാജം പ്രസിഡന്റ് പ്രദീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി മനോജ് കെ എൻ സ്വാഗതം പറഞ്ഞു. വനിതാ വിഭാഗം കൺവീനർ സുമ സുനിൽ വാര്യർ നന്ദി രേഖപ്പെടുത്തി. അജിത വത്സലൻ പരിപാടികൾ നിയന്ത്രിച്ചു.

അത്താഴവിരുന്നോടെ പരിപാടികൾ സമാപിച്ചു.

You may also like