മുംബൈ : ബോറിവലി ഈസ്റ്റ് മേഖലയിൽ പ്രവർത്തിച്ചിരുന്ന എടിഎം കാർഡ് സ്വാപ്പ് തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. കസ്റ്റൂർബാമാർഗ് പൊലീസ് 37 വയസ്സുകാരനെയും ഇയാളുടെ ഒരു സുഹൃത്തിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ഇയാളിൽ നിന്ന് 71 ഡെബിറ്റ് കാർഡുകൾ പിടിച്ചെടുത്തു.
എടിഎം കൗണ്ടറുകളിൽ പണം പിൻവലിക്കാൻ സഹായം വേണമോ എന്ന് ചോദിച്ച് മുതിർന്ന പൗരന്മാരോട് സമീപിക്കുകയായിരുന്നു പ്രതിയുടെ രീതി. സഹായം ചെയ്യുന്ന നടപ്പിൽ അവരുടെ കാർഡുകൾ കൈയിൽ വാങ്ങി, അതേപോലെ കാണുന്ന മറ്റൊരു കാർഡുമായി മാറ്റിവെക്കും. ഇതിനിടെ രഹസ്യ പിന്‍നമ്പർ ശ്രദ്ധിച്ച് മനസ്സിലാക്കുകയും ചെയ്യും.
ശേഷം ആ കാർഡുകൾ ഉപയോഗിച്ച് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പിടിച്ചെടുത്ത 71 കാർഡുകളുടെ യഥാർത്ഥ ഉടമകളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.
പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. എടിഎം ഉപയോഗിക്കുമ്പോൾ അജ്ഞാതരിൽ നിന്ന് സഹായം സ്വീകരിക്കരുതെന്നും, പിന്‍നമ്പർ ഒരിക്കലും മറ്റൊരാളുമായി പങ്കിടരുതെന്നും പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകി