മുംബൈ: പൊതുജനങ്ങളുടെ ആരോഗ്യം തകിടം മറിക്കുന്ന ഭക്ഷ്യ മായംചേർക്കൽ സംഘങ്ങൾക്കെതിരെ കടുത്ത നടപടികളുമായി സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ). സംസ്ഥാനവ്യാപകമായി മൂന്ന് ദിവസം നീണ്ടുനിന്ന മിന്നൽ പരിശോധനകളിലാണ് വൻ മായംചേർക്കൽ ശൃംഖലകൾ പിടികൂടിയത്. കടുത്ത നിയമലംഘനം നടത്തിയ 33 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 27 പ്രമുഖ സ്ഥാപനങ്ങളുടെ പ്രവർത്തനം പൂർണ്ണമായും തടഞ്ഞ് പൂട്ടി മുദ്രവെക്കുകയും (സീൽ ചെയ്യുക) ചെയ്തു. എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു ഈ കർശന നടപടി.
പാലിൽ ഭക്ഷ്യഎണ്ണ; കെമിക്കൽ മുക്കി പഴുപ്പിച്ച മാമ്പഴം
വിപണിയിലെ ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് റെയ്ഡിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പശുവിൻ പാലിൽ കുറഞ്ഞ വിലയിലുള്ള ഭക്ഷ്യഎണ്ണ (എഡിബിൾ ഓയിൽ) കലർത്തി വ്യാജ പാൽ നിർമ്മിച്ച് വിതരണം ചെയ്ത വൻ സംഘത്തെ ജൽഗാവിൽ നിന്ന് പിടികൂടി. പുണെയിൽ, മനുഷ്യശരീരത്തിന് അതീവ ഹാനികരമായ ‘എതിലീൻ’ കെമിക്കൽ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച 20 ലക്ഷം രൂപ വിലവരുന്ന മാമ്പഴങ്ങളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. മുംബൈയിലെ ധാരാവിയിൽ അതീവ അശുചിത്വ സാഹചര്യത്തിൽ, യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ചിരുന്ന നൂഡിൽസ് നിർമ്മാണ ശാലയും അധികൃതർ പൂട്ടിച്ചു.
കോടികളുടെ ലഹരിവേട്ട; മുംബൈയിൽ വ്യാപക നടപടി
സംസ്ഥാനത്ത് നിരോധിച്ച ഗുഡ്ക, പാൻമസാല തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ വിറ്റഴിച്ച 34 കേന്ദ്രങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. വിപണിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന നിരോധിച്ച ഉൽപ്പന്നങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു. ഇതിൽ മുംബൈ മേഖലയിലാണ് ഏറ്റവും കൂടുതൽ നിയമനടപടികൾ ഉണ്ടായത്. മുംബൈയിൽ മാത്രം 19 സ്ഥാപനങ്ങൾ പൂട്ടിക്കുകയും 19 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച അഞ്ച് വാഹനങ്ങളും അധികൃതർ കസ്റ്റഡിയിലെടുത്തു. വിപണിയിൽ ലഭ്യമായിരുന്ന 60-ഓളം ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇനി യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെ അറിയിച്ചു. കുറ്റം ആവർത്തിക്കുന്നവർക്കെതിരെ പുതിയ ക്രിമിനൽ നിയമമായ ‘ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത’ (BNSS) പ്രകാരം കർശനമായ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. സുരക്ഷിതമായ ഭക്ഷണവും മരുന്നും ഉറപ്പാക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും വിപണിയിലെ കള്ളനാണയങ്ങളെ പൂർണ്ണമായും തുടച്ചുനീക്കുന്നത് വരെ ഈ പരിശോധനകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.