ട്രെയിനിലെ എസി കോച്ചിൽ സീറ്റിനെ ചൊല്ലി തർക്കം: പോലീസ് ഉദ്യോഗസ്ഥനെ റേസർ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി പിടിയിൽ

by WhatsUp Mumbai

ഓടുന്ന തീവണ്ടിയിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥനെയും റെയിൽവേ ജീവനക്കാരെയും റേസർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ മോഡലും നടിയുമായ അന്തരാ സൊഹാം ബാനർജിയെ (31) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 12-ന് ബാന്ദ്ര-ഗംഗാനഗർ അരാവലി എക്സ്പ്രസിൽ ബോറിവലിക്കും ദഹാനുവിനും ഇടയിലാണ് സംഭവം നടന്നത്. സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ യാത്ര ചെയ്ത നടിയോട് ടിക്കറ്റ് കളക്ടർ ഹരിതേഷ് ത്രിപാഠിയും ആർപിഎഫ് എഎസ്ഐ യാമിനികാന്ത് മിശ്രയും കോൺസ്റ്റബിൾ രാജേഷ് കുമാറും സീറ്റ് ഒഴിയാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.

പ്രകോപിതയായ നടി പഴ്സിൽ നിന്ന് റേസർ ബ്ലേഡ് എടുത്ത് എഎസ്ഐ യാമിനികാന്ത് മിശ്രയെ ആക്രമിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തു. കൂടാതെ ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും മൊബൈൽ ഫോണും കണ്ണടയും കോച്ച് വാതിലിന്റെ ഗ്ലാസും തകർക്കുകയും ചെയ്തതായി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ദഹാനു സ്റ്റേഷനിൽ വെച്ച് നടിയെ ബോറിവലി ജിആർപിക്ക് കൈമാറി. കേസ് രജിസ്റ്റർ ചെയ്ത ശേഷം പിന്നീട് ഇവർക്ക് നോട്ടീസ് നൽകി ജാമ്യത്തിൽ വിട്ടയച്ചതായി ജിആർപി ഇൻസ്പെക്ടർ കുന്ദ ഗവാഡെ വ്യക്തമാക്കി.

You may also like