മുംബൈ: കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള മുംബൈയിലെ മലയാളികളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനായി “മലയാള ഭാഷാ പ്രചരണ സംഘം” ചർച്ചാസമ്മേളനം സംഘടിപ്പിക്കുന്നു. മീര–ഭയന്ദർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 21 ശനിയാഴ്ച മീര റോഡിൽ പരിപാടി നടക്കും.
സമ്മേളനത്തിൽ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്, സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം കെ.കെ. പ്രകാശൻ, ബി.ജെ.പി ദക്ഷിണേന്ത്യൻ സെൽ ഉപാധ്യക്ഷൻ രമേശ് കലമ്പോളി, ശിവസേന കേരള സെൽ മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ ശ്രീകാന്ത് നായർ, മലയാളം മിഷൻ മുംബൈ ചാപ്റ്റർ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ആർ.ഡി. ഹരികുമാർ എന്നിവർ പങ്കെടുക്കും.
ഡോ. വിവേകാനന്ദൻ ചർച്ചയുടെ മോഡറേറ്ററായിരിക്കും. മീര–ഭയന്ദർ മേഖലയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കാളികളാകും.
കേരളത്തിന്റെ വികസനവും മലയാളഭാഷയുടെ പ്രചരണവും സംബന്ധിച്ച വിഷയങ്ങളാണ് സമ്മേളനത്തിൽ പ്രധാനമായി ചർച്ച ചെയ്യുക. കൂടുതൽ മലയാളികൾ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.
വൈകുന്നേരം 6 മുതൽ രാത്രി 9 വരെ മീര റോഡിലെ ശ്രീ നാരായണ മന്ദിര സമിതി ഹാളിലാണ് സമ്മേളനം നടക്കുന്നത്.