മുംബൈ: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന ഇറാൻ–ഇസ്രായേൽ സംഘർഷത്തിന്റെ പ്രതിഫലം മുംബൈയിലും പ്രകടമാകുന്നു. പാചകവാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ നഗരത്തിലെ സാധാരണജീവിതം പല ഇടങ്ങളിലും പ്രതിസന്ധിയിലായി. സിലിണ്ടർ ലഭിക്കുമോ എന്ന ആശങ്കയിൽ പല സ്ഥലങ്ങളിലും നീണ്ട നിരകൾ രൂപപ്പെടുന്നുണ്ട്.
“ഒരു സിലിണ്ടർ കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. ഇങ്ങനെ തുടരുകയാണെങ്കിൽ വീടുകളുടെ ജീവിതം തന്നെ ബുദ്ധിമുട്ടിലാകും,” എന്ന് കാന്ദിവിലിയിൽ താമസിക്കുന്ന രാജേഷ് നായർ പറഞ്ഞു.
പാചകവാതക ക്ഷാമം കാരണം മുംബൈയിലെ നിരവധി ഹോട്ടലുകളും ചെറിയ ഭക്ഷണശാലകളും താൽക്കാലികമായി പൂട്ടേണ്ടിവന്നതായി വ്യാപാരികൾ പറയുന്നു. പാചകത്തിനാവശ്യമായ വാതകം ലഭിക്കാത്തതിനാൽ ദിവസേന പ്രവർത്തനം തുടരുന്നത് തന്നെ പ്രയാസമാണെന്നാണ് അവരുടെ പ്രതികരണം.
“പാചകവാതകം ഇല്ലാതെ ഹോട്ടൽ തുറക്കാൻ കഴിയില്ല. പൂട്ടിയാൽ ഓരോ ദിവസവും നഷ്ടവും കൂടും ,” എന്ന് വസായ് റോഡിലെ ഒരു ഹോട്ടൽ ഉടമ പറഞ്ഞു.
റെയിൽവേ സേവനങ്ങളിലും ഇതിന്റെ പ്രതിഫലം അനുഭവപ്പെടുന്നുവെന്നാണ് വിവരം. ചില ട്രെയിനുകളിൽ പാചകഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത് നിയന്ത്രിക്കുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്തതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. യാത്രക്കാർക്ക് പകരമായി തയ്യാറായ ഭക്ഷണ സാധനങ്ങൾ നൽകുന്ന ക്രമീകരണങ്ങളാണ് ചില ഇടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
“പാചകത്തിനാവശ്യമായ വാതകം ലഭിക്കാത്തതിനാൽ താൽക്കാലികമായി മറ്റ് മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുന്നു,” വന്ദേ ഭാരത് എക്സ്പ്രെസ്സിൽ ഇന്നലെ യാത്ര ചെയ്ത ഒരു യാത്രക്കാരൻ പറഞ്ഞു.
പുണെയിൽ പോലും സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വാതക ലഭ്യതയിലെ പ്രശ്നങ്ങൾ കാരണം ചില ശ്മശാനങ്ങളിലെ ദഹന സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ സിലിണ്ടർ കിട്ടുമോ എന്ന ആശങ്കയിൽ നിരവധി കുടുംബങ്ങൾ വിഷമത്തിലാണ്. പ്രത്യേകിച്ച് വീട്ടമ്മമാർക്ക് പാചകം നടത്താൻ പോലും കഴിയാത്ത അവസ്ഥയുണ്ടാകുമോ എന്ന ഭയം വർധിച്ചിട്ടുണ്ട്.
“വാതകം തീർന്നാൽ വീട്ടിൽ ഭക്ഷണം തയ്യാറാക്കാൻ പോലും സാധിക്കില്ല എന്നതാണ് ഇപ്പോഴത്തെ വലിയ ആശങ്ക,പലർക്കും ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ ബുക്ക് ആകുന്നില്ല എന്നും പറയപ്പെടുന്നു ” താനെയിൽ താമസിക്കുന്ന ജയ ബാലൻ പറഞ്ഞു.
മൊത്തത്തിൽ, അന്താരാഷ്ട്ര സംഘർഷത്തിന്റെ പ്രതിഫലം നഗരത്തിലെ സാധാരണ ജനജീവിതത്തെയും ബാധിച്ചിരിക്കുകയാണ്. പാചകവാതക വിതരണത്തിലെ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന ആവശ്യമാണ് വിവിധ മേഖലകളിൽ നിന്നും ഉയരുന്നത്.
“വിതരണം ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് കൂടി വരും,കൂടാതെ പല ചരക്ക് സാമഗ്രികളുടെ വിലയും കൂടാൻ സാധ്യതയുണ്ട് ” എന്ന് താനെയിലെ ഒരു വ്യാപാരി പറഞ്ഞു.
ഇതിനിടെ ഗ്യാസ് ലഭിക്കാത്തതിനാൽ പലരും ഇൻഡക്ഷൻ കുക്കറുകൾ വാങ്ങാൻ ശ്രമിക്കുന്നതായും വ്യാപാരികൾ പറയുന്നു. എന്നാൽ ആവശ്യകത കൂടിയതോടെ ഇൻഡക്ഷൻ കുക്കറുകളുടെ വിലയും ഉയർന്നതായി ഉപഭോക്താക്കൾ പറയുന്നു.
“ഗ്യാസ് കിട്ടാത്തതിനെ തുടർന്ന് ഇൻഡക്ഷൻ കുക്കർ വാങ്ങാൻ പോയപ്പോഴാണ് വില കുത്തനെ കൂടിയതായി അറിയുന്നത്. ഇത് സാധാരണക്കാരന് വലിയ ഇരുട്ടടിയാണ്,” എന്ന് വാഗ്ലെ എസ്റ്റേറ്റിലെ ഒരു കമ്പനിയിൽ ടർണറായി ജോലി ചെയ്യുന്ന പ്രകാശ് പറഞ്ഞു.
വാതക ക്ഷാമം ദൈർഘ്യമേറിയാൽ ദൈനംദിന ജീവിതച്ചെലവും ഉയരുമെന്ന ആശങ്കയിലാണ് സാധാരണ ജനങ്ങൾ. സ്ഥിതി വേഗത്തിൽ സാധാരണ നിലയിലാകണമെന്നതാണ് നഗരവാസികളുടെ പൊതുവായ പ്രതീക്ഷ.