അഭിപ്രായ ഭിന്നതകൾ ജനാധിപത്യത്തിന്റെ ഭാഗം; ഒരേയൊരു ലക്ഷ്യം പാർട്ടിയുടെ വിജയം” – അഡ്വ : മാത്യു ആന്റണി

by WhatsUp Mumbai
Published: Updated:

മുംബൈ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉൾപാർട്ടി ജനാധിപത്യത്തിന്റെ സ്വാഭാവിക ഘടകമാണെന്ന് എ.ഐ.സി.സി. ജോയിന്റ് സെക്രട്ടറി അഡ്വ. മാത്യു ആന്റണി വ്യക്തമാക്കി. പാർട്ടിയുടെ ഏക ലക്ഷ്യം വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യ മൂല്യങ്ങളോടും സമൂഹത്തിന്റെ വൈവിധ്യങ്ങളോടും ചേർന്ന് പ്രവർത്തിക്കാൻ കഴിവുള്ള സമ്പന്നമായ നേതൃനിരയും പ്രവർത്തകരും കോൺഗ്രസിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള അവസരങ്ങൾ പരിമിതമാണെന്നും, സാമൂഹിക സമതുലിതാവസ്ഥ, പ്രായം, ലിംഗ പ്രതിനിധാനം, മുതിർന്നത്വം, സംഘടനാ ഘടകങ്ങളുടെ പങ്കാളിത്തം തുടങ്ങിയ നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് സ്ഥാനാർഥിത്വം നിശ്ചയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ പ്രക്രിയയിൽ അർഹതയുള്ള പലർക്കും അവസരം ലഭിക്കാതിരിക്കുക സ്വാഭാവികമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജനപ്രതിനിധിയാകുന്നത് പലർക്കും വ്യക്തിപരമായ ആഗ്രഹമായിരിക്കുമ്പോഴും അതിനപ്പുറം വലിയ രാഷ്ട്രീയ ഉത്തരവാദിത്വങ്ങൾ മുന്നിലുണ്ടെന്നത് മറക്കരുതെന്നും ഓർമ്മിപ്പിച്ചു.

കേരളത്തിൽ സിപിഐഎം സർക്കാരിനെതിരെ ജനങ്ങളിൽ ഉയരുന്ന വ്യാപക അസന്തൃപ്തിയും പ്രതികരണവും ജനാധിപത്യപരമായ മാറ്റമായി മാറ്റിക്കൊണ്ടുവരിക എന്നത് കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും പ്രധാന ദൗത്യമാണ്. ഈ സാഹചര്യത്തിൽ വ്യക്തിപരമായ നിരാശകൾ അതിജീവിച്ച് സംഘടനയുടെ വലിയ ലക്ഷ്യത്തിനായി ഒരുമിച്ച് മുന്നേറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈപ്പത്തി ചിഹ്നത്തിന്റെ കീഴിൽ ഐക്യത്തോടെയും സമർപ്പണത്തോടെയും പ്രവർത്തിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തി 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷ വിജയം ഉറപ്പാക്കുക എന്നതാണ് എല്ലാവരുടെയും സംയുക്ത ലക്ഷ്യമെന്ന് അഡ്വ.മാത്യു ആന്റണി പറഞ്ഞു.

You may also like