മുംബൈയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ കുതിച്ചുയരുന്നു; ബലാത്സംഗക്കേസുകളിൽ 31% വർധന

by WhatsUp Mumbai

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ കുതിച്ചുയരുന്നതായി കണക്കുകൾ. ഈ വർഷം ജൂലൈ 31 വരെയുള്ള മുംബൈ പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം നഗരത്തിൽ റിപ്പോർട്ട് ചെയ്ത ബലാത്സംഗക്കേസുകളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 31 കേസുകളുടെ വർധനയുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 710 ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം അത് 741 ആയി ഉയർന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലാണ് ഏറ്റവും ഭയാനകമായ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ 36 കേസുകളുടെ വർധനയാണുണ്ടായത്. കഴിഞ്ഞ വർഷം ജൂലൈ വരെ 364 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം ഇതുവരെ 400 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ച് വൻ ആശങ്കയാണ് ഈ കണക്കുകൾ ഉയർത്തുന്നത്. 

അതേസമയം, നഗരത്തിൽ തട്ടിക്കൊണ്ടുപോകൽ, സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അതിക്രമങ്ങൾ (Modesty-related offences) എന്നിവയിൽ നേരിയ കുറവുണ്ടായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഇതേ കാലയളവിൽ വിവാഹിതരായ സ്ത്രീകൾ കൊല്ലപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായിട്ടുള്ളതായും പൊലീസ് പുറത്തുവിട്ട വിവരങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു.

You may also like