മുംബൈ: പ്രശസ്ത ഗായിക ആശാ ഭോസ്ലെയ്ക്ക് ഇന്നലെ വൈകുന്നേരത്തോടെയാണ് ഹൃദയാഘാതം ഉണ്ടായത്.തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
നിലവിൽ ആരോഗ്യനില സ്ഥിരതയിലാണെന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഗായികയുടെ കൊച്ചുമകൾ മാധ്യമങ്ങളോട് പ്രതികരിക്കവെ, “ചികിത്സ തുടരുകയാണ്. ഡോക്ടർമാർ നിരന്തരം നിരീക്ഷണം നടത്തുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും,” എന്ന് വ്യക്തമാക്കി. ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കുടുംബം അഭ്യർത്ഥിച്ചു.
ഇന്ത്യൻ സംഗീതലോകത്ത് ദശാബ്ദങ്ങളായി തന്റേതായ സ്ഥാനമുറപ്പിച്ച ആശാ ഭോസ്ലെ, നിരവധി ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച പ്രശസ്ത ഗായികയാണ്. അവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ സംഗീതലോകവും ആരാധകരും ആശങ്കയോടെ പ്രതികരിച്ചു.
ഇതിനിടെ, ഗായികയുടെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി ആരാധകരും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ ആശംസകളും പ്രാർത്ഥനകളും അറിയിക്കുന്നു. ആരോഗ്യനിലയിൽ വേഗത്തിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.