ആപ്പ് ടാക്സികൾ ഇനി സർക്കാർ നിരീക്ഷണത്തിൽ; മഹാരാഷ്ട്രയിൽ പുതിയ നിയമവുമായി പ്രതാപ് സർനായിക്

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിൽ ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത ടാക്സി സർവീസുകൾക്ക് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി സംസ്ഥാന സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഡ്രൈവർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ‘മഹാരാഷ്ട്ര മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ റൂൾസ്, 2026’ ലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കി. ഇതനുസരിച്ച് ആപ്പുകൾ വഴി ഈടാക്കുന്ന യാത്രാക്കൂലിയുടെ 80 ശതമാനവും ഡ്രൈവർമാർക്ക് ഉറപ്പാക്കണമെന്ന് പുതിയ നിയമം നിർബന്ധമാക്കുന്നുണ്ട്. നിലവിലുള്ള കമ്പനികളുടെ ലൈസൻസുകൾക്ക് 60 ദിവസത്തെ കാലാവധി മാത്രമായിരിക്കും ഇനി ഉണ്ടാകുക.

പുതിയ നിയമപ്രകാരം സംസ്ഥാന ഗതാഗത അതോറിറ്റിയുടെ പ്രത്യേക ലൈസൻസും തത്സമയ ജിപിഎസ് നിരീക്ഷണവും എല്ലാ ടാക്സി കമ്പനികൾക്കും നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി വാഹനങ്ങളിൽ പാനിക് ബട്ടൺ, തത്സമയ ജിപിഎസ് ട്രാക്കിംഗ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സപ്പോർട്ട്, പരാതി പരിഹാര ഓഫീസർ എന്നിവയും പുതിയ നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തേണ്ടതുണ്ട്. മദ്യപിച്ചോ ലഹരിമരുന്ന് ഉപയോഗിച്ചോ വണ്ടിയോടിക്കുന്ന ഡ്രൈവർമാർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇതോടൊപ്പം സ്വകാര്യ കാർപൂളിംഗിന് നിയമപരമായ ചട്ടക്കൂട് ഒരുക്കുന്ന പുതിയ നയം, പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.

You may also like