മുംബൈ: ഉല്ലാസ്നഗറിലെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും അഭിഭാഷകയുമായിരുന്ന സരിത ഖാഞ്ചന്ദാനിയുടെ മരണത്തിൽ ഒന്നാം പ്രതിയായ ജിയാ പ്രദീപ് ഗോപ്ലാനിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് മനഃപൂർവം വൈകിക്കുന്നതായി പരാതി. കേസന്വേഷണത്തിൽ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് സരിതയുടെ ഭർത്താവ് അഡ്വ. പുരുഷോത്തം ഖാഞ്ചന്ദാനി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഒൻപതോളം ഇമെയിലുകൾ അയച്ചു. പ്രതിക്ക് കോടതി ഇടക്കാല സംരക്ഷണമൊന്നും അനുവദിച്ചിട്ടില്ലാതിരുന്നിട്ടും പൊലീസ് കാണിക്കുന്ന നിസംഗതയ്ക്കെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
വിത്തൽവാടി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും നടപടിയുണ്ടാകാത്തതിനെ തുടർന്ന് താനെ സിറ്റി പൊലീസ് കമ്മീഷണർ, മഹാരാഷ്ട്ര ഡിജിപി, കൊങ്കൺ റേഞ്ച് ഐജി എന്നിവർക്കും പുരുഷോത്തം ഖാഞ്ചന്ദാനി പരാതി നൽകിയിട്ടുണ്ട്. 2025 സെപ്റ്റംബർ 4-നാണ് കേസിലെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ എട്ടു മാസങ്ങൾ കഴിഞ്ഞിട്ടും മുഖ്യപ്രതിയെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ പൊലീസിന് സാധിച്ചിട്ടില്ല.
പ്രതിയായ ജിയാ ഗോപ്ലാനി കല്യാൺ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും കോടതി ഇതുവരെ അനുകൂലമായ ഇടക്കാല ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. നിലവിൽ കേസ് പരിഗണിക്കുന്നത് ജൂൺ 12-ലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിക്ക് നിയമപരമായ യാതൊരു പരിരക്ഷയും ലഭ്യമല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് അറസ്റ്റ് വൈകിക്കുന്നതെന്ന് കുടുംബം ചോദിക്കുന്നു. ഒളിവിൽ പോയ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫാണെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിഷ്ക്രിയമാണെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ ഗുജറാത്ത്, നാസിക് എന്നിവിടങ്ങളിലെ ബന്ധുവീടുകളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയാണെന്ന് ഭർത്താവ് ആരോപിക്കുന്നു.
തങ്ങൾ അയച്ച ഒൻപത് ഇമെയിലുകൾക്കും പൊലീസ് മറുപടി പോലും നൽകിയിട്ടില്ലെന്ന് അഡ്വ. പുരുഷോത്തം മാധ്യമങ്ങളോട് പറഞ്ഞു. എഫ്ഐആറിൽ ഉള്ള വിവരങ്ങൾക്കപ്പുറം പുതിയതൊന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സമൂഹത്തിനുവേണ്ടി ജീവിച്ച ഒരു പരിസ്ഥിതി പ്രവർത്തകയുടെ മരണത്തിൽ പൊലീസ് കാണിക്കുന്ന ഈ അലംഭാവം മനഃപൂർവമാണെന്നും പ്രതികളെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എച്ച്.എം. കുൽക്കർണി വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത ദിവസം മുതൽ പ്രതിയുടെ ഫോൺ ഓഫാണെന്നും ഇവരെ കണ്ടെത്തിയാലുടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
കേസിന് പിന്നിലെ പശ്ചാത്തലം:
തദ്ദേശീയമായ പരിസ്ഥിതി-നഗര പ്രശ്നങ്ങളിൽ ശക്തമായി ഇടപെട്ടിരുന്ന അഭിഭാഷകയായിരുന്നു സരിത ഖാഞ്ചന്ദാനി. 2025 ഓഗസ്റ്റിൽ ഉല്ലാസ്നഗറിലെ റോമ അപ്പാർട്ട്മെന്റിൽ നിന്നും ചാടിയാണ് ഇവർ ആത്മഹത്യ ചെയ്തത്. മരണത്തിന് മുൻപ് സരിത എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് വീണ്ടെടുത്തിരുന്നു. ഇതിൽ പ്രാദേശിക രാഷ്ട്രീയ നേതാവ് ധനഞ്ജയ് ബൊറാഡെ, ഉല്ലാസ് ഫാൽക്കെ, ശിവാനി ഫാൽക്കെ, അഡ്വ. രാജ് ചന്ദ്വാനി, ജിയാ പ്രദീപ് ഗോപ്ലാനി എന്നിവരുടെ പേരുകളുണ്ടായിരുന്നു. പ്രതികളുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് സരിത ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി.