പാലക്കാട് : ജില്ലയിൽ
തിരുമിറ്റക്കോട് പഞ്ചായത്തിൽ
കടുത്ത വേനൽചൂടിൽ അങ്കണവാടിയിലെ കുഞ്ഞുങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തിര ഇടപെടലുമായി യൂത്ത് കോൺഗ്രസ്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വാർഡിലെ അങ്കണവാടി സന്ദർശിച്ച വാർഡ് മെമ്പർ ദാരുവൻ എം.പി., അധ്യാപകരുമായി കൂടിയാലോചിച്ച് തൽക്ഷണ പരിഹാരമായി എയർ കണ്ടീഷണർ സ്ഥാപിക്കാൻ തീരുമാനിച്ചു.
യൂത്ത് കോൺഗ്രസ് തിരുമിറ്റക്കോട് സ്പോൺസർ ചെയ്ത എ.സി. ഇന്ന് രാവിലെ തന്നെ സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കി അങ്കണവാടിക്ക് സമർപ്പിച്ചു. ഇതോടെ കടുത്ത ചൂടിൽ നിന്ന് കുഞ്ഞുങ്ങൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചതെന്ന് രക്ഷിതാക്കളും അധ്യാപകരും അറിയിച്ചു.
കുട്ടികളുടെ ആരോഗ്യവും സൗകര്യവും മുൻനിർത്തിയുള്ള ഈ ഇടപെടൽ പ്രദേശവാസികളിൽ പ്രശംസ നേടിയിട്ടുണ്ട്. ഇനി മുതൽ അങ്കണവാടിയിൽ പഠനവും കളിയും കൂടുതൽ സുഖകരമായ അന്തരീക്ഷത്തിൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു.