സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ആദിത്യ ഠാക്കറെ; മാധ്യമവിചാരണയ്ക്കെതിരെ രൂക്ഷവിമർശനം

by WhatsUp Mumbai

മുംബൈ : സെലിബ്രിറ്റി മാനേജർ ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങൾ തെളിവുകളില്ലാത്ത സ്വഭാവഹത്യയാണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ ഠാക്കറെ. ദിശ സാലിയനെ താൻ മുൻപ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയവും വ്യക്തിപരവുമായ ലക്ഷ്യങ്ങളോടെയാണ് ചിലർ തന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും കുറ്റപ്പെടുത്തി.

ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ദിശ സാലിയന്റെ മരണത്തിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെ ആദിത്യ ഠാക്കറെ തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ആറുവർഷമായി ഒരു തെളിവുമില്ലാതെ തുടർച്ചയായി തന്റെ പേര് ഈ ദൗർഭാഗ്യകരമായ സംഭവവുമായി ബന്ധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കേസിൽ കൃത്യമായ വസ്തുതകൾ പുറത്തുവരണമെന്നും മാധ്യമവിചാരണകളും ടിവി ചാനലുകളിലെ ബഹളങ്ങളും കൊണ്ട് സത്യം മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഇടപെടലുകളോ വ്യക്തിപരമായ വിദ്വേഷ പ്രചാരണങ്ങളോ ഇല്ലാതെ ഔദ്യോഗികമായ പുനരന്വേഷണം സ്വതന്ത്രമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദിശ സാലിയന്റെ പിതാവ് സതീഷ് സാലിയൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ എഫ്ഐആർ എടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുന്നതിനായി ആദിത്യ ഠാക്കറെ, ബോളിവുഡ് താരങ്ങളായ ദിനോ മോറിയ, സൂരജ് പഞ്ച്‌വോളി ഉൾപ്പെടെയുള്ളവരുടെ പേരുകൾ നൽകിയിട്ടുണ്ടെങ്കിലും നിലവിൽ ആരെയും പ്രതികളാക്കിയിട്ടില്ല. മുൻപ് ആക്‌സിഡന്റൽ ഡെത്ത് ആയി രജിസ്റ്റർ ചെയ്ത ഈ കേസിൽ ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സിബിഐ പുതിയ അന്വേഷണം ആരംഭിച്ചത്.

You may also like