രണ്ട് തലമുറകളുടെ അക്ഷരക്കൂട്ടായ്മ; ബംഗാളി സാഹിത്യത്തെ മലയാളത്തിന്റെ ഹൃദയത്തോട് ചേർത്ത ലീല സർക്കാരിനെ സന്ദർശിച്ച് എഴുത്തുകാരൻ എസ്. ഹരീഷ്

by WhatsUp Mumbai

മുംബൈ: അക്ഷരങ്ങളുടെ മാസ്മരിക ലോകത്ത് രണ്ട് തലമുറകളുടെ അപൂർവ്വവും അർത്ഥവത്തുമായ ഒരു സുദിനത്തിനായിരുന്നു വാണിജ്യ നഗരമായ മുംബൈ സാക്ഷ്യം വഹിച്ചത്. ബംഗാളി സാഹിത്യത്തിലെ അനശ്വര കൃതികളെ മലയാളിക്ക് സ്വന്തം ഭാഷയിൽ പകർന്നു നൽകിയ കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും പ്രശസ്ത വിവർത്തകയുമായ ലീല സർക്കാരിനെ, സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ്. ഹരീഷ് മുംബൈയിലെ വസതിയിലെത്തി സന്ദർശിച്ചു.

വാർദ്ധക്യത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളെ അക്ഷരങ്ങളുടെ കരുത്തുകൊണ്ട് തോൽപ്പിച്ച്, 93-ാം വയസ്സിലും എഴുത്തിന്റെ ലോകത്ത് സജീവമായി വിസ്മയം തീർക്കുകയാണ് ലീല സർക്കാർ. അക്ഷര സ്നേഹികളെ ഒരേപോലെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു സാഹിത്യലോകത്തെ ഈ രണ്ട് പ്രതിഭകളുടെ ഒത്തുചേരൽ. ഏറെ ഹൃദ്യവും അർത്ഥവത്തുമായ സന്ദർശന വേളയിൽ ഏകദേശം ഒരു മണിക്കൂറിലധികം സമയം ഇരുവരും സാഹിത്യവും ജീവിതവും പങ്കുവെച്ചു.

മലയാളനാട്ടിൽ നിന്നും മുംബൈയിലേക്കുള്ള ലീല സർക്കാരിന്റെ പറിച്ചുനടൽ, ആ ജീവിതത്തെ മാറ്റിമറിച്ച പ്രണയം, വിവാഹം, തുടർന്നുള്ള ജീവിതവഴികൾ എന്നിവയെല്ലാം എസ്. ഹരീഷ് ഏറെ താല്പര്യത്തോടെ ചോദിച്ചറിഞ്ഞു. ഈ അനുഭവങ്ങൾക്കെല്ലാം ശേഷമാണ് അവർ എഴുത്തിന്റെ ലോകത്തേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നത്. ദീർഘകാലത്തെ ആത്മബന്ധമുള്ള സുഹൃത്തുക്കളെപ്പോലെയാണ് ഇരുവരും പരസ്പരം സംവദിച്ചതും വിശേഷങ്ങൾ കൈമാറിയതും. മലയാള വിവർത്തന ശാഖയ്ക്ക് ലീല സർക്കാർ നൽകിയ സംഭാവനകളെ പ്രകീർത്തിച്ച ശേഷമാണ് സാഹിത്യരംഗത്തെ ഈ ഹൃദയസ്പർശിയായ കൂടിക്കാഴ്ച അവസാനിച്ചത്.

You may also like