ഒരു വയസ്സിൽ പത്താം ക്ലാസ് പാസായി! ബിജെപി സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലത്തിൽ വമ്പൻ തിരിമറിയെന്ന് കോൺഗ്രസ്; അയോഗ്യയാക്കാൻ ഹൈക്കോടതിയിൽ ഹർജി

by WhatsUp Mumbai

കൊൽക്കത്ത: ബംഗാളിലെ നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ഹസിരാണി റാഥ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വമ്പൻ തിരിമറിയെന്ന് കോൺഗ്രസ്. ഹസിരാണിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൽക്കത്ത ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.

തനിക്ക് 60 വയസ്സിന് മുകളിൽ പ്രായമുണ്ടെന്നും 1965-ൽ പത്താം ക്ലാസ് പാസായി എന്നുമാണ് ഹസിരാണി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ചൗഖാലി ഗംഗ പദ്മ മിലൻ കന്യാ വിദ്യാപീഠിൽ നിന്നാണ് 1965-ൽ പത്താം ക്ലാസ് ജയിച്ചതെന്ന് വിദ്യാഭ്യാസ യോഗ്യതയുടെ കോളത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ജനനത്തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.

2026-ൽ 60 വയസ്സ് പ്രായമാകണമെങ്കിൽ ഹസിരാണി ജനിച്ചത് 1966-ൽ ആയിരിക്കണം. ഈ കണക്ക് അനുസരിച്ച് നോക്കിയാൽ വെറും ഒരു വയസ്സുള്ളപ്പോഴാണ് ഹസിരാണി പത്താം ക്ലാസ് പാസായിരിക്കുന്നത്. ഇനി പ്രായം 65 ആണെന്ന് കരുതിയാൽ പോലും ജനന വർഷം 1961 ആകും; അങ്ങനെ വന്നാൽ നാലാം വയസ്സിൽ പത്താം ക്ലാസ് ജയിച്ചെന്നാകും അവസ്ഥ. ഇതെന്ത് കണക്കാണെന്നാണ് കോൺഗ്രസ് ചോദ്യമുയർത്തുന്നത്.

സാധാരണയായി 14-നും 16-നും ഇടയിൽ പ്രായമുള്ളപ്പോഴാണ് വിദ്യാർത്ഥികൾ പത്താം ക്ലാസ് പാസാകുന്നത്. ആ കണക്കെടുക്കുകയാണെങ്കിൽ 1949-നും 1951-നും ഇടയിലാകണം ഹസിരാണി ജനിച്ചത്. അങ്ങനെയെങ്കിൽ 2026-ൽ ഇവർക്ക് 75-നും 77-നും ഇടയിൽ പ്രായമുണ്ടായിരിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം അടിസ്ഥാനപരമായ വസ്തുതകൾ പോലും പരിശോധിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.

You may also like