തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണം; ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ശിവസേന (യു.ബി.ടി)

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെച്ച് നിയമനടപടികൾ നേരിടണമെന്നും ആവശ്യപ്പെട്ട് ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ആവർത്തിച്ച് എതിർപ്പ് പ്രകടിപ്പിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത ആരോപണങ്ങളുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെയും ഗ്യാനേഷ് കുമാർ സഹായിച്ചുവെന്ന് റാവത്ത് ആരോപിച്ചു. തിരഞ്ഞെടുപ്പിൽ വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടന്ന ഒന്നായി കരുതാനാകില്ലെന്നും അത് റദ്ദാക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തിരഞ്ഞെടുപ്പ് എന്നത് ഒരു തമാശയായി മാറിയിരിക്കുകയാണ്. ഗ്യാനേഷ് കുമാറിനെ ഉടനടി സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും റാവത്ത് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം. രാജ്യത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെങ്കിൽ അമിത് ഷായെ പുറത്താക്കുകയാണ് വേണ്ടത്. പ്രധാനമന്ത്രി നടപടിയെടുത്തില്ലെങ്കിൽ വിഷയത്തിൽ ഇടപെടാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കും. അതിനും സാധിച്ചില്ലെങ്കിൽ സ്വേച്ഛാധിപതികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കരസേനാ മേധാവി മുന്നോട്ടുവരണമെന്നും റാവത്ത് കൂട്ടിച്ചേർത്തു.

വോട്ടർ പട്ടികയിൽ പുതിയ ആളുകളെ ചേർക്കൽ, പേരുകൾ ഒഴിവാക്കൽ, പുനഃസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ 10 മാസത്തിനിടെ തങ്ങളുടെ അറിവില്ലാതെ പുറപ്പെടുവിച്ച ഉത്തരവുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ കുറഞ്ഞത് 14 തവണയെങ്കിലും ഔദ്യോഗികമായി എതിർപ്പ് ഉന്നയിച്ചിരുന്നുവെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ അന്വേഷണാത്മക റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കൾ കമ്മീഷന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

You may also like