300-ലധികം താമസക്കാർ അണിനിരന്നു; നേരൂളിൽ ഓണം ആഘോഷമാക്കി എൽ&ടി സീവുഡ്സ് കുടുംബങ്ങൾ

by admin

സെപ്റ്റംബർ 20: നേരൂളിലെ L&T സീവുഡ്സ് റെസിഡൻസിൽ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു. 300-ലധികം താമസക്കാരുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താമസക്കാരുടെ സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.

എല്ലാ താമസക്കാരുടെയും പങ്കാളിത്തത്തോടെ ഒരുക്കിയ വിപുലമായ പൂക്കളത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് മാവേലി മന്നന്റെ വരവിനെ വരവേൽക്കാൻ അമ്പതിലധികം പെൺകുട്ടികളും വനിതകളും താലപ്പൊലിയുമായി അണിനിരന്നു. മാവേലി മന്നനെ ഘോഷയാത്രയായി പരിപാടി നടന്ന ഹാളിലേക്ക് ആനയിച്ചു.

സീവുഡ്സ് റെസിഡൻസിലെ വനിതകൾ അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് വനിതകളുടെ സിനിമാറ്റിക് നൃത്തവും പുരുഷന്മാരുടെ സംഘനൃത്തവും അരങ്ങേറി. വൈവിധ്യമാർന്ന കലാപരിപാടികൾ കാണികൾക്ക് ആവേശകരമായ അനുഭവമായി.

മലയാളി കുടുംബങ്ങൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താമസക്കാരും ഇത്തവണത്തെ ഓണാഘോഷത്തിൽ സജീവമായി പങ്കെടുത്തു. ഭാഷയുടെയും സംസ്ഥാനത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിച്ചത് പരിപാടിയുടെ പ്രധാന സവിശേഷതയായി.

ഓണാഘോഷത്തിന്റെ ഭാഗമായി കേരളീയ തറവാട് വീടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സെൽഫി പോയിന്റും ശ്രദ്ധേയമായി. പരമ്പരാഗത കേരളീയ അന്തരീക്ഷം പുനഃസൃഷ്ടിച്ച സെൽഫി പോയിന്റ് താമസക്കാർക്ക് ഗൃഹാതുരമായ ഓർമ്മകൾ സമ്മാനിച്ചു.

വിവിധ കലാപരിപാടികൾക്കു ശേഷം ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്. 300-ലധികം പേർ പങ്കെടുത്ത ആഘോഷം സീവുഡ്സ് റെസിഡൻസിലെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും പ്രതീകമായി മാറി.

You may also like