നാഗ്പൂർ: നാഗ്പൂർ DMMC മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിലൂടെ നടന്നുപോകുന്നതിനിടെ പിന്നിൽനിന്നെത്തിയ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും ബയോ മെഡിക്കൽ എഞ്ചിനീയറുമായ ശ്യാം കൃഷ്ണ (25) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാലക്കാട് ഒറ്റപ്പാലം സ്വദേശി അമൻ കെ.പിയ്ക്ക് (24) ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ദുരന്തം സംഭവിച്ചത്. ഉച്ചഭക്ഷണം കഴിച്ചശേഷം ഒരേ ദിശയിലൂടെ നടന്നുപോകുകയായിരുന്ന മൂന്നംഗ സംഘത്തിലേക്ക് നിയന്ത്രണം വിട്ടുവന്ന ടിപ്പർ ലോറി ഇടിച്ചുകയറുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റൊരു യുവതി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടവിവരമറിഞ്ഞ് കേരളീയ സമാജം നാഗ്പൂർ ജനറൽ സെക്രട്ടറി രാജഗോപാൽ, മറ്റ് ഭാരവാഹികൾ, കൊങ്കൺ യാത്രാ വേദി പ്രതിനിധി രാധാകൃഷ്ണൻ ടി.വി, കെ.എം.സി.സി ഭാരവാഹികൾ എന്നിവർ ഉടനടി ആശുപത്രിയിലെത്തി ആവശ്യമായ സഹായനടപടികൾക്ക് നേതൃത്വം നൽകിവരുന്നു. ശ്യാമിന്റെയും അമന്റെയും ബന്ധുക്കൾ ഇന്ന് നാഗ്പൂരിലെത്തും.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമേ മൃതദേഹം എന്ന് നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ.