മുംബൈ മേൽവിലാസമെങ്കിൽ മലയാളി അല്ലേ? മകന്റെ നീതിക്കായി പിതാവിന്റെ ഒറ്റയാൾ പോരാട്ടം; പ്രതീക്ഷ ഇനി പുതിയ ഭരണകൂടത്തിൽ

by admin

മുംബൈ : 2024 ജൂൺ 12-ന് കുവൈറ്റിലെ NBTC ഗ്രൂപ്പ് പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരനുമായിരുന്ന ഡെന്നി ബേബി കരുണാകരന്റെ (33) പിതാവിന് പ്രഖ്യാപിച്ച ധനസഹായം നൽകുന്നതിൽ കേരള സർക്കാർ തുടരുന്ന അവഗണന പ്രതിഷേധാർഹമാകുന്നു.

ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മറ്റ് 23 മലയാളികളുടെയും കുടുംബങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിച്ചപ്പോൾ, ഡെന്നിയുടെ പിതാവ് ബേബിക്കുട്ടി കരുണാകരന് മാത്രം കേരള സർക്കാറിന്റെ ഭാഗത്തുനിന്ന് നീതി നിഷേധിക്കപ്പെടുകയാണ്.

അവകാശ സർട്ടിഫിക്കറ്റിനായി ഒന്നര വർഷത്തെ കോടതി കയറിയിറങ്ങൽ

മകന്റെ വേർപാടിൽ തകർന്നുപോയ പിതാവിന് നിയമാനുസൃതമുള്ള അവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ വില്ലേജ്, താലൂക്ക് ഓഫീസുകൾ കയറിയിറങ്ങി ഒന്നര വർഷത്തോളമാണ് പോരാടേണ്ടി വന്നത്. ഒടുവിൽ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി, കോടതിയുടെ ശക്തമായ ഇടപെടലിനും ഉത്തരവിനും ശേഷമാണ് 2026 മാർച്ചിന് ശേഷം സർട്ടിഫിക്കറ്റ് ലഭിച്ചത്.

കുവൈറ്റ് സർക്കാർ നൽകിയ 13 ലക്ഷം രൂപ ലഭിച്ചത് 2026 ജൂലൈ 28 ന് ആയിരുന്നു. അവകാശ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്ന് മാത്രം ആയിരുന്നു അത് ലഭിച്ചത്.

എന്നാൽ, എം.എ. യൂസഫലി പ്രഖ്യാപിച്ച 5 ലക്ഷം രൂപയും രവി പിള്ള പ്രഖ്യാപിച്ച 2 ലക്ഷം രൂപയും ഉൾപ്പെടെയുള്ള ധനസഹായം ഇതുവരെ കുടുംബത്തിന് ലഭിച്ചിട്ടില്ല. കോടതി വിധി വന്നിട്ടും നിയമപരമായ എല്ലാ തടസ്സങ്ങളും നീങ്ങിയിട്ടും കേരള സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപ മാത്രം ഇതുവരെയും കുടുംബത്തിന് കൈമാറിയിട്ടില്ല.

അതേസമയം, ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എ.ഐ.സി.സി. ജോയിന്റ് സെക്രട്ടറിയും കോൺഗ്രസ് ദേശീയ വക്താവുമായ അഡ്വ. മാത്യു ആന്റണി വിഷയത്തിൽ ഇടപെട്ടു. ‘കൊങ്കൺ യാത്രാ വേദിയാണ്’ ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. നോർക്ക ഓഫീസർ അരുൺ കുമാറുമായി സംസാരിച്ച അദ്ദേഹം, വിഷയം ഉടൻ തന്നെ കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അറിയിച്ചു. മുംബൈയിൽ സ്ഥിരതാമസമാക്കിയതിന്റെ പേരിൽ മാത്രം ഇത്തരത്തിൽ നീതി നിഷേധിക്കുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

​”പ്രവാസികളായ മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരെ ചേർത്തുപിടിക്കാനുമല്ലേ ‘നോർക്ക’?അങ്ങനെയെങ്കിൽ ഈ സ്ഥാപനത്തിന്റെ യഥാർത്ഥ ലക്ഷ്യം തന്നെ എന്താണ്?” എന്ന് അഡ്വ. മാത്യു ആന്റണി പ്രതികരിച്ചു.

ഈ വിഷയത്തിൽ എം പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസും ഇടപെടൽ നടത്തിയിട്ടുണ്ട്.

സാങ്കേതികത്വം പറഞ്ഞ് സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നു

മഹാരാഷ്ട്രയിൽ താമസിച്ച് അവിടെനിന്ന് പാസ്‌പോർട്ട് എടുത്ത് വിദേശത്ത് പോയി അപകടത്തിൽപ്പെട്ടു” എന്ന വിചിത്രമായ സാങ്കേതികത്വം ഉന്നയിച്ചാണ് കേരള സർക്കാർ ധനസഹായം നിഷേധിക്കുന്നത്.

​കേന്ദ്ര-കുവൈറ്റ് സർക്കാരുകൾ കോടതി ഉത്തരവ് അംഗീകരിച്ച് അർഹതപ്പെട്ട തുക കൈമാറിയപ്പോഴും, കേരള സർക്കാർ മാത്രം ഇതിൽ നിന്ന് പൂർണ്ണമായി പുറംതിരിഞ്ഞു നിൽക്കുകയാണെന്നത് പ്രവാസി സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഉപജീവനത്തിനായി പ്രവാസം തിരഞ്ഞെടുക്കുന്ന മലയാളി ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് താമസിച്ച് പാസ്‌പോർട്ട് എടുത്താലും അവൻ എന്നും മലയാളി തന്നെയാണെന്ന യാഥാർത്ഥ്യം സർക്കാർ വിസ്മരിക്കരുതെന്നാണ് മുംബൈ മലയാളികൾ ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്നത്. മുൻ സർക്കാരിലെ ചില ഉദ്യോഗസ്ഥർ സാങ്കേതികത്വങ്ങൾ പറഞ്ഞ് തടഞ്ഞുവെച്ച ഈ അർഹതപ്പെട്ട സഹായം, പുതിയ കേരള സർക്കാരിലൂടെ തങ്ങൾക്ക് ഒടുവിൽ ലഭ്യമാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഈ കുടുംബം കഴിയുന്നത്. സ്വന്തം മകനെ നഷ്ടപ്പെട്ട വേദനയിൽ നീതിക്കായി പോരാടുന്ന ഈ വൃദ്ധപിതാവിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ അടിയന്തരമായി ലഭ്യമാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നാണ് പ്രവാസി സമൂഹത്തിന്റെ ഒന്നടങ്കമുള്ള ആവശ്യം.

You may also like