മുംബൈ :മുംബൈ നഗരത്തോടുള്ള ആത്മബന്ധവും തൻ്റെ ദീർഘകാല ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും കോർത്തിണക്കി മുൻ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ വെള്ളോടി ബാലചന്ദ്രൻ രചിച്ച ഓർമ്മക്കുറിപ്പുകൾ ‘എന്നും പ്രിയപ്പെട്ട മുംബൈ’ പ്രകാശനം ചെയ്യുന്നു. 2026 സെപ്റ്റംബർ 20 ഞായറാഴ്ച വൈകീട്ട് 5.00 മണിക്ക് മുംബൈ മാട്ടുംഗയിലുള്ള കേരള ഭവനിലാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
1964-ൽ ബി.എം.സിയിൽ (BMC) സർവീസിൽ പ്രവേശിച്ച വെള്ളോടി ബാലചന്ദ്രൻ, പരീക്ഷ പാസായ ശേഷമാണ് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയത്. പിന്നീട് ചെമ്പൂരിൽ വാർഡ് ഓഫീസറായും, 1991-ൽ ഡെപ്യൂട്ടി കമ്മീഷണറായും ഉയർന്നു.1994-ൽ സർവീസിൽ നിന്ന് വിരമിക്കുന്നതു വരെയുള്ള കാലയളവിൽ മുംബൈ നഗരത്തെ വിറപ്പിച്ച അധോലോക സംഘങ്ങളുടെയും പ്രാദേശിക ഗുണ്ടകളുടെയും കടുത്ത ഭീഷണികളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അനധികൃത നിർമ്മാണങ്ങൾ ഭയരഹിതമായി പൊളിച്ചുനീക്കിയതിന്റെ പേരിൽ അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും നിരവധി ഭീഷണി കോളുകൾ എത്തിയിരുന്നു. എന്നാൽ അതൊന്നും വകവെക്കാതെ, സ്വന്തം സുരക്ഷയ്ക്കായി അധികൃതർ അനുവദിച്ച പിസ്റ്റൾ ലൈസൻസിന്റെ തണലിൽപ്പോലും അങ്ങേയറ്റം സത്യസന്ധതയോടെയാണ് അദ്ദേഹം തൻ്റെ കടമ നിർവ്വഹിച്ചത്. ഈ കാലഘട്ടത്തിലെ ആവേശകരമായ നേർക്കാഴ്ചകൾ കൂടിയാണ് പുസ്തകത്തിലെ പ്രധാന ആകർഷണം.

ചടങ്ങിൽ നോവലിസ്റ്റ് സി. പി. കൃഷ്ണകുമാർ പുസ്തക പ്രകാശനം നിർവ്വഹിക്കും. ബോംബെ കേരളീയ സമാജം സെക്രട്ടറിയും വിശാലകേരളം പത്രാധിപരുമായ എ. ആർ. ദേവദാസ് ആദ്യപ്രതി സ്വീകരിക്കും. ചടങ്ങിൽ മുനിസിപ്പൽ കോർപ്പറേറ്റർ ടി. ജഗദീഷ് മുഖ്യാതിഥിയായിരിക്കും. പത്രപ്രവർത്തകനും സാഹിത്യകാരനുമായ കെ. രാജൻ പുസ്തക പരിചയം നടത്തും. ഇന്ത്യ ടുഡേ എക്സിക്യൂട്ടീവ് എഡിറ്റർ എം. ജി. അരുൺ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
മധു നമ്പ്യാരുടെ പ്രാർത്ഥനാ ഗാനത്തോടെയും ഐശ്വര്യയുടെ പ്രാർത്ഥനാ നൃത്തത്തോടെയും പരിപാടികൾ ആരംഭിക്കും. പ്രകാശന സമിതി കൺവീനർ മധു നമ്പ്യാർ സ്വാഗതവും, പ്രേംരാജ് നമ്പ്യാർ മുഖ്യാതിഥിയെ പരിചയപ്പെടുത്തലും, ഉണ്ണി മേനോൻ ഗ്രന്ഥകാരനെ പരിചയപ്പെടുത്തലും നിർവ്വഹിക്കും. തുടർന്ന് മുംബൈയിലെ എഴുത്തുകാരുടെ ആശംസാ പ്രസംഗവും ഗ്രന്ഥകാരൻ വെള്ളോടി ബാലചന്ദ്രന്റെ മറുപടി പ്രസംഗവും ഉണ്ടായിരിക്കും. മുംബൈ സാഹിത്യവേദി കൺവീനർ കെ. പി. വിനയൻ നന്ദി രേഖപ്പെടുത്തും. പ്രകാശന സമിതിയിൽ വിജയകുമാറും അംഗമാണ്.