മുംബൈയിൽ മയക്കുമരുന്ന് കടത്തുകാരനിൽനിന്ന് ലക്ഷങ്ങളുടെ കൈക്കൂലി: രണ്ട് റെയിൽവേ പൊലീസ് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ

by WhatsUp Mumbai

​മുംബൈ: യാത്രക്കാരന്റെ ബാഗിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടും കേസാക്കാതെ വൻ തുക കൈക്കൂലി വാങ്ങി പ്രതിയെ വിട്ടയച്ച രണ്ട് ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ. ബോറിവലി ജിആർപി ചൗക്കിയിലെ കോൺസ്റ്റബിൾമാരായ ലോറൻസ് നവ്ഘരെ, രാകേഷ് സോണവാനെ എന്നിവർക്കെതിരെയാണ് നടപടി.

സെപ്റ്റംബർ 8-ന് രാത്രി ബോറിവലി റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ അതിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ വിവരം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുന്നതിന് പകരം, ഇയാളെ റെയിൽവേ പൊലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് തുക കൈപ്പറ്റിയ ശേഷം ഇയാളെ കടന്നുപോകാൻ അനുവദിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഉന്നത ഉദ്യോഗസ്ഥർക്ക് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ആരോപണം പ്രാഥമികമായി തെളിഞ്ഞതോടെ സെപ്റ്റംബർ 12-ന് ഇരുവരെയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ലഗേജ് പരിശോധനയുമായി ബന്ധപ്പെട്ട് ജിആർപി കമ്മീഷണർ എം. രാകേഷ് കലാസാഗർ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (എസ്ഒപി) ചട്ടങ്ങളുടെ ലംഘനമാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്.

റെയിൽവേ പൊലീസിന്റെ ഭാഗത്തുനിന്ന് സമാനമായ നിയമലംഘനങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് നിരോധിത ഗുഡ്ക കടത്താൻ സഹായിച്ചതിന് ബോറിവലി ജിആർപിയിലെ അനിൽ ഗുജ്ജർ, വസായ് ജിആർപിയിലെ തുഷാർ ഠാക്കൂർ എന്നീ രണ്ട് കോൺസ്റ്റബിൾമാരെയും ഈ മാസം ആദ്യം സസ്പെൻഡ് ചെയ്തിരുന്നു.

You may also like