മുംബൈ: ഗണേശോത്സവത്തിന്റെ ആദ്യ രണ്ടുദിവസത്തിനിടെ മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ കാണിക്കയായി ഒഴുകിയെത്തിയത് 1.37 കോടിയിലധികം രൂപ. പണത്തിനുപുറമേ കിലോക്കണക്കിന് സ്വർണവും വെള്ളിയും ഭക്തർ ഭഗവാന് സമർപ്പിച്ചു. വരുന്ന ദിവസങ്ങളിൽ ഭക്തജനത്തിരക്ക് വർധിക്കുന്നതോടെ സംഭാവന തുക ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂനം അപ്രാജ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്.
സെപ്റ്റംബർ 15-ന് ഉത്സവത്തിന്റെ ഒന്നാം ദിനം 48.50 ലക്ഷം രൂപയാണ് കാണിക്കയായി ലഭിച്ചത്. ഇതിൽ സ്റ്റേജ് ഡൊണേഷൻ ബോക്സിൽനിന്ന് 27.50 ലക്ഷം രൂപയും രംഗ് ഡൊണേഷൻ ബോക്സിൽനിന്ന് 21 ലക്ഷം രൂപയും ലഭിച്ചു. കൂടാതെ 66.770 ഗ്രാം സ്വർണവും 2,806 ഗ്രാം വെള്ളിയും ആദ്യദിനം ഭക്തർ അർപ്പിച്ചു.
സെപ്റ്റംബർ 16-ന് രണ്ടാം ദിനം കാണിക്കപ്പണത്തിൽ വലിയ വർധനവുണ്ടായി. അന്നേദിവസം 88.90 ലക്ഷം രൂപയാണ് ലഭിച്ചത്. സ്റ്റേജ് ഡൊണേഷൻ ബോക്സിൽനിന്ന് 59.60 ലക്ഷം രൂപയും രംഗ് ഡൊണേഷൻ ബോക്സിൽനിന്ന് 29.30 ലക്ഷം രൂപയും പിരിഞ്ഞുകിട്ടി. രണ്ടാം ദിവസം സമർപ്പിക്കപ്പെട്ട സ്വർണത്തിന്റെ അളവ് 226.120 ഗ്രാം ആയി ഉയർന്നപ്പോൾ വെള്ളിയുടെ അളവ് 5,516 ഗ്രാം ആയി.
രണ്ടുദിവസം കൊണ്ട് ആകെ ലഭിച്ച പണം മാത്രം 1.37 കോടി രൂപ കവിഞ്ഞു. ഗണേശോത്സവം തുടരുന്ന സാഹചര്യത്തിൽ ലാൽബാഗ്ച രാജയെ ദർശിക്കാൻ ആയിരക്കണക്കിന് തീർഥാടകരാണ് പ്രതിദിനം പന്തലിലേക്ക് എത്തിച്ചേരുന്നത്.