മുംബൈ: വോട്ടർപട്ടികയിലെ തീവ്ര തിരുത്തൽ പ്രക്രിയയുടെ (Special Intensive Revision – SIR 2026) ഭാഗമായി മുംബൈയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക വോട്ടർ രജിസ്ട്രേഷൻ ക്യാംപുകൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 19, 20, 26, 27 തീയതികളിലാണ് ക്യാംപുകൾ നടക്കുക. പുതിയ വോട്ടർമാർക്കും, കരട് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും, വിവരങ്ങളിൽ തിരുത്തലുകൾ വരുത്തേണ്ടവർക്കും പേര് ഒഴിവാക്കേണ്ടവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഓഗസ്റ്റ് 31-നാണ് മുംബൈ സിറ്റി, മുംബൈ സബർബൻ ജില്ലകളിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. വിട്ടുപോയ പേരുകൾ ഉൾപ്പെടുത്തുന്നതിനും ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിനും സെപ്റ്റംബർ 30 വരെ സമയമുണ്ട്. 2026 ഒക്ടോബർ 1-നോ അതിനു മുമ്പോ 18 വയസ്സ് തികയുന്ന പുതിയ വോട്ടർമാർക്കും പേര് രജിസ്റ്റർ ചെയ്യാം.
പുതിയ വോട്ടർമാർക്കും പേര് വിട്ടുപോയവർക്കും ഫോം 6, തിരുത്തലുകൾക്കും വിലാസം മാറ്റുന്നതിനും ഭിന്നശേഷി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും ഫോം 8, പേര് ഒഴിവാക്കുന്നതിന് ഫോം 7 എന്നിവയാണ് നൽകേണ്ടത്.
ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വഴി നേരിട്ടും, ഇലക്ഷൻ കമ്മീഷന്റെ ‘voters.eci.gov.in’ എന്ന വെബ്‌സൈറ്റ് പോർട്ടൽ വഴിയോ ‘ECINET’ മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാം. മുംബൈയിലെ വോട്ടർമാർ ഈ പ്രത്യേക ക്യാംപുകൾ പ്രയോജനപ്പെടുത്തി വോട്ടർപട്ടികയിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറും ബിഎംസി കമ്മീഷണറുമായ അശ്വിനി ഭിഡെ അഭ്യർത്ഥിച്ചു.