മുംബൈ: മുംബൈയുടെ ചരിത്രപ്രധാനമായ കാമാഠിപുരയുടെ പുനർവികസന പദ്ധതി പൂർണ്ണമായും ജന പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര ഭവന പുനർവികസന അതോറിറ്റി (മ്ഹാഡ – MHADA). പ്രദേശവാസികളുടെയും വാടകക്കാരുടെയും കെട്ടിട ഉടമകളുടെയും നിർദേശങ്ങളും ആശങ്കകളും പൂർണ്ണമായി കണക്കിലെടുത്തായിരിക്കും പദ്ധതിക്ക് അന്തിമരൂപം നൽകുക.
ജനങ്ങളുടെ പങ്കാളിത്തവും സുതാര്യതയും പരസ്പര ചർച്ചകളും ഉറപ്പുവരുത്തിയാകും പുനർവികസനം സാധ്യമാക്കുകയെന്ന് മ്ഹാഡ വൈസ് പ്രസിഡന്റും സിഇഒയുമായ സഞ്ജീവ് ജയ്സ്വാൾ വ്യക്തമാക്കി. അഖിൽ പദ്മശാലി സമാജ് ഹാളിൽ സംഘടിപ്പിച്ച പൊതുജനസമ്പർക്ക പരിപാടിയിലും പദ്ധതി വിശദീകരണ യോഗത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിപിആർ 2034 നിയമാവലി പ്രകാരമാണ് നോഡൽ ഏജൻസിയും പ്രത്യേക ആസൂത്രണ അതോറിറ്റിയുമായ മ്ഹാഡ ഈ വൻകിട പദ്ധതി നടപ്പിലാക്കുന്നത്. 34 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പദ്ധതിയിൽ 475 സർക്കാരിന് നികുതി നൽകുന്ന (സെസ്ഡ്) കെട്ടിടങ്ങളും 259 അല്ലാത്ത (നോൺ-സെസ്ഡ്) കെട്ടിടങ്ങളും ഉൾപ്പെടുന്നു. വീടുകളിൽ താമസിക്കുന്ന 6,625 പേരും 1,376 കച്ചവടക്കാരും 800-ഓളം സ്ഥലമുടമകളും അടക്കം എണ്ണായിരത്തിലധികം പേരെ ബാധിക്കുന്നതാണ് ഈ പദ്ധതി. കൂടാതെ 4,500 പുതിയ വീടുകൾ കൂടി ഇവിടെ പുതുതായി നിർമിക്കും.
പ്രദേശവാസികൾ മുന്നോട്ടുവെച്ച പ്രധാന ആനുകൂല്യങ്ങൾക്ക് മ്ഹാഡ അംഗീകാരം നൽകിയിട്ടുണ്ട്. രണ്ടു വർഷത്തെ വാടക ഒറ്റത്തവണയായി മുൻകൂർ നൽകുക, തുടർവർഷത്തെ വാടക ചെക്കുകളായി കൈമാറുക, വീടുമാറുന്നതിനായി 25,000 രൂപ അലവൻസ് നൽകുക, കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർക്ക് പ്രതിമാസ വാടക തുക വർദ്ധിപ്പിച്ചു നൽകുക തുടങ്ങിയ ആനുകൂല്യങ്ങളാണ് അനുവദിച്ചത്.